വർക്കല: പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറായ അജിത്കുമാർ.എം.ജെയുടെ കുടിശിക ബില്‍ സർക്കാർ പാസാക്കണമെന്നാവശ്യപ്പെട്ട് ആള്‍ കേരളാ ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ ഗവർണർ രാജേന്ദ്ര അർലേക്കറിന് നിവേദനം നല്‍കി. 96 ലക്ഷം രൂപയാണ് അജിത്കുമാറിന്റെ കുടിശിക തുക.
തിരിച്ചടവ് മുടങ്ങിയതോടെ വീടും സ്വത്തുക്കളും ബാങ്ക് ജപ്തി ചെയ്തു.
പേരൂർക്കട ഗവ.എല്‍.പി.എസിന്റെയും അഴൂരിലെ ഗവ.എച്ച്.എസ്.എസിന്റെയും നിർമ്മാണ പ്രവൃത്തികള്‍ക്കുള്ള ഒരുപാർട്ട് ബില്‍ തയാറാക്കി അജിത്കുമാർ പൊതുമരാമത്ത് വകുപ്പിന് നല്‍കിയിരുന്നു. കഴിഞ്ഞ 11 മാസമായി ഇത് കുടിശികയാണ്. വീടും സ്ഥലവും പണയം വച്ചാണ് പ്രവർത്തന മൂലധനം കണ്ടെത്തിയത്. എന്നാല്‍ ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ വീടും സ്വത്തുക്കളും ബാങ്ക് ജപ്തി ചെയ്തു.
68 വയസ്സുള്ള അമ്മയ്ക്കും, അഞ്ചും മൂന്നര വയസുമുള്ള രണ്ട് പെണ്‍മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥ യിലാണെന്ന് അജിത്കുമാർ പറഞ്ഞു.
സ്പെഷ്യല്‍ ഫണ്ട് അനുവദിക്കണം
ബില്ല് പാസാക്കാൻ സ്പെഷ്യല്‍ ഫണ്ട് അനുവദിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ടെന്ന് ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ജി. തൃദീപ്,വൈസ് പ്രസിഡന്റ് ഹരികുമാർ, മുൻ ജില്ല പ്രസിഡന്റ് എ. മനാഫ്, മുൻ ജില്ല സെക്രട്ടറി മോഹനകുമാർ എന്നിവർ പറഞ്ഞു
