കൊല്ലം ‘വീ’ പാര്‍ക്ക് പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

കൊല്ലം: ഡിസൈന്‍ പോളിസിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുള്ള മേല്‍പ്പാലങ്ങളുടെ അടിവശം സൗന്ദര്യവത്കരിക്കുന്ന ‘വീ’ പാര്‍ക്ക് പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൊല്ലത്ത് നിര്‍വഹിച്ചു.കൊല്ലം എസ്. എന്‍. കോളേജ് ജങ്ഷനുസമീപം മേല്‍പ്പാലത്തിന് അടിയിലാണ് സംസ്ഥാനത്തെ ആദ്യ വീ പാര്‍ക്ക് നിര്‍മ്മിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ കൊല്ലത്ത് ആദ്യമായി നടപ്പിലാക്കിയ ‘വീ’ പാര്‍ക്ക് പദ്ധതിയിലൂടെ ടൂറിസം ഭൂപടത്തില്‍ മനോഹരമായ മറ്റൊരിടം കൂടി അടയാളപ്പെടുത്തുകയാണെന്ന് മന്ത്രി റിയാസ് പറഞ്ഞു.

കേരളത്തിന്റെ സമ്പദ്ഘടനയില്‍ .കാലോചിതവുമായ മാറ്റം വരുത്താന്‍ കഴിയും

ഡിസൈന്‍ പോളിസി നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഉപയോഗശൂന്യമായ പ്രദേശത്തെ ജനസൗഹൃദ – മാതൃക പൊതുവിടമായി മാറ്റിയെടുത്തത്. സംസ്ഥാനത്തെ കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, സൈനേജുകള്‍ മുതലായവയുടെ രൂപകല്പന സംബന്ധിച്ച സമഗ്ര നയമാണ് ഡിസൈന്‍ പോളിസി. കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഗുണപരവും കാലോചിതവുമായ മാറ്റം വരുത്താന്‍ ഇതിലൂടെ സാധിക്കും.ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം കേരളത്തെ ഒരു ആഗോള ഡിസൈന്‍ ഹബ്ബായി അടയാളപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടന ചടങ്ങ്:

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, മൃഗസംരക്ഷണ, ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചു റാണി, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി., കൊല്ലം കോര്‍പറേഷന്‍ മേയര്‍ ഹണി ബെഞ്ചമിന്‍ എന്നിവര്‍ ഉദ്ഘാടനം സംബന്ധിച്ച ചടങ്ങില്‍ മുഖ്യാതിഥികളായി. ചടങ്ങില്‍ എം. നൗഷാദ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →