കോട്ടയം: ചാനല്‍ ചർച്ചക്കിടെ മത വിദ്വേഷ പരാമർശം നടത്തിയ ബിജെപി നേതാവ് പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് (ഫെബ്രുവരി 28) വിധി പറയും.പൊതു പ്രവർത്തകനാകുമ്പോള്‍ കേസുകള്‍ ഉണ്ടാകുമെന്നും സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് കേസുകള്‍ ഇല്ല. അന്വേഷണം പൂർത്തീകരിച്ചതായി പോലീസ് റിപ്പോർട്ട് ഉണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നും ജോർജ് വാദിച്ചു.
ജാമ്യം കൊടുത്താല്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷൻ
നിലവില്‍ കേസില്‍ അറസ്റ്റിലായ ജോർജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു. എന്നാല്‍ ജാമ്യം കൊടുത്താല്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു.
മൂന്ന് മുതല്‍ അഞ്ച് വർഷം വരെ ശിക്ഷ നല്‍കണമെന്നും തുടർച്ചയായി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ വാദം. അതേസമയം ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ നല്‍കുന്നത് വിദഗ്ധ ചികിത്സയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.