ന്യൂഡല്‍ഹി: ഗോത്രവർഗ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ആദിവാസി ഗോത്രമഹാസഭാ നേതാവ് സി കെ ജാനു. അടിമ-മാടമ്പി മനോഭാവമാണിതെന്നും ഇത്തരം ചർച്ചകള്‍ പോലും രാജ്യത്തിന് അപമാനമാണെന്നും അവർ പറഞ്ഞു. സുരേഷ് ഗോപിയുടേത് തികച്ചും തരംതാണ പ്രസ്താവനയാണെന്നും തങ്ങളെ പോലെ ഉളളവർ അടിമകളായി തുടരണം എന്ന് പറയുന്നത് ലാഘവത്തോടെ കാണാനാകില്ലെന്നും സികെ ജാനു പറഞ്ഞു.
ആദിവാസി വിഭാഗത്തിലുളളവർ ഇതുവരെ വകുപ്പ് കൈകാര്യം ചെയ്തിട്ടില്ല
ആദിവാസി വിഭാഗത്തിലുളളവർ ഇതുവരെ വകുപ്പ് കൈകാര്യം ചെയ്തിട്ടില്ല. ഉന്നതകുലജാതർ മാത്രമാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ഇനിയും ഉന്നതർ വരണമെന്നാണ് സുരേഷ്പ ഗോപി പറയുന്നത്. ആദിവാസികള്‍ക്ക് ഭരണഘടന നല്‍കുന്ന വ്യവസ്ഥകള്‍ ഉണ്ട്. നൂറ്റാണ്ടുകളായി ഉന്നത കുലജാതർ വകുപ്പ് കൈകാര്യം ചെയ്തു പരാജയപ്പെട്ടതാണ്. മനുഷ്യരെ മനുഷ്യരായി കാണുന്നില്ല. വംശഹത്യ നേരിടുന്ന കാലത്ത് ഉന്നതർ വരണമെന്ന് പറയുന്നത് മനസ്സിലാകുന്നില്ലെന്നും സികെ ജാനു പറഞ്ഞു
