ഡല്‍ഹി: പതിറ്റാണ്ടുകളായി ജപ്പാനില്‍ സൂക്ഷിച്ചിരിക്കുന്ന തന്റെ പിതാവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചെത്തിക്കണമെന്ന് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മകള്‍ അനിത ബോസ് പിഫാഫ്. അവ തിരികെയെത്തിക്കാൻ വിവിധ സർക്കാരുകള്‍ വിസമ്മതിച്ചുവെന്നും അനിത ചൂണ്ടിക്കാട്ടി. ബോസിന്റെ 128-ാം ജന്മദിന വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് മകളുടെ ആവശ്യം. ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലെ റെങ്കോജി ക്ഷേത്രത്തിലാണ് എട്ടു പതിറ്റാണ്ടുകളായി നേതാജിയുടെ ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്
1945 ഓഗസ്റ്റ് 18ന് ജപ്പാൻ നിയന്ത്രണത്തിലുണ്ടായിരുന്ന തായ്പേയില്‍വച്ചാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നത്.
രണ്ടാം ലോക മഹായുദ്ധം അവസാനത്തോടടുത്ത കാലയളവില്‍ 1945 ഓഗസ്റ്റ് 18ന് ജപ്പാൻ നിയന്ത്രണത്തിലുണ്ടായിരുന്ന തായ്പേയില്‍വച്ചാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നത്. ബോസിന്റെ മൃതദേഹം അവിടെ ദഹിപ്പിച്ച് ചിതാഭസ്മം ടോക്കിയോയിലെ റെങ്കോജി ബുദ്ധ ക്ഷേത്രത്തില്‍ സൂക്ഷിക്കാനേല്‍പ്പിക്കുകയായിരുന്നു. ക്ഷേത്രത്തിലെ പുരോഹിതന്മാരും ജപ്പാൻ സർക്കാരും തന്റെ പിതാവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ തിരികെ നല്കാൻ ഒരുക്കമാണെന്നും എന്നാല്‍ പതിറ്റാണ്ടുകളായി ഇന്ത്യയുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടാ യില്ലെന്നും അനിത ആരോപിച്ചു.
ശേഷിപ്പുകള്‍ തിരികെക്കൊണ്ടുവരാൻ നടപടി വേണം
തന്റെ കുടുംബാംഗങ്ങളടക്കം നിരവധിപേർ പിതാവ് വിമാനാപകടത്തില്‍ മരിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും എന്നാല്‍ ലഭ്യമായ രേഖകളുടെ വെളിച്ചത്തില്‍ അദ്ദേഹം അന്നേദിവസം മരിച്ചു എന്ന വസ്തുത അംഗീകരിച്ചു ശേഷിപ്പുകള്‍ തിരികെക്കൊണ്ടുവരാൻ നടപടി വേണമെന്നും അനിത പറഞ്ഞു.
