.വാഷിംഗ്ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് സ്ഥാനമേറ്റു.2024 ജനുവരി 20 അമേരിക്കൻ സമയം ഉച്ചയ്ക്ക് 12ന് (ഇന്ത്യൻ സമയം രാത്രി 10.30) വാഷിംഗ്ടണ്‍ ഡിസിയിലെ യുഎസ് കാപിറ്റോളില്‍ നടന്ന ഹ്രസ്വവും പ്രൗഢഗംഭീരവുമായ ചടങ്ങില്‍ വിവിധ വിദേശരാജ്യത്തലവന്മാർ, അമേരിക്കയുടെ മുൻ പ്രസിഡന്‍റുമാർ, വ്യവസായ പ്രമുഖർ, ട്രംപ് ഭരണത്തിലെ വിവിധ വകുപ്പുകളിലേക്കുള്ള നോമിനികള്‍ തുടങ്ങിയവരടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.
യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജോണ്‍ റോബർട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു.
അതിശൈത്യത്തെത്തുടർന്ന് ഭരണസിരാകേന്ദ്രമായ കാപിറ്റോള്‍ ഹില്ലിലെ റോട്ടൻഡ ഹാളിലാണു സത്യപ്രതിജ്ഞാചടങ്ങ് നടന്നത്. യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജോണ്‍ റോബർട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു.വൈറ്റ് ഹൗസിനു സമീപം സെന്‍റ് ജോണ്‍സ് എപ്പിസ്കോപ്പല്‍ പള്ളിയിലെ വിശുദ്ധ കുർബാനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. സത്യപ്രതിജ്ഞയ്ക്കു പ്രാരംഭമായി നടന്ന പ്രാർഥനയ്ക്കു ന്യൂയോർക്ക് ആർച്ച്‌ബിഷപ് കർദിനാള്‍ തിമോത്തി ഡോളൻ നേതൃത്വം നല്‍കി. നിയുക്ത വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസാണ് ആദ്യം സത്യവാചകം ചൊല്ലിയത്. തുടർന്ന് ട്രംപ് സത്യവാചകം ചൊല്ലി. ഇരുവരും ബൈബിളില്‍ തൊട്ടാണു സത്യവാചകം ചൊല്ലിയത്.
രാജ്യത്തു സുവർണയുഗം പിറന്നുകഴിഞ്ഞെന്ന് ട്രംപ്
നാലു പതിറ്റാണ്ടിനിടെ ആദ്യമായാണ് അതിശൈത്യത്തെത്തുടർന്ന് പുറത്തേ വേദിയില്‍നിന്ന് യുഎസ് പ്രസിഡന്‍റിന്‍റെ സ്ഥാനാരോഹണ ചടങ്ങുകള്‍ മാറ്റുന്നത്.സത്യപ്രതിജ്ഞയ്ക്കുശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവെ, രാജ്യത്തു സുവർണയുഗം പിറന്നുകഴിഞ്ഞെന്ന് ട്രംപ് പറഞ്ഞു. തന്‍റെ നേതൃത്വത്തിനു കീഴില്‍ രാജ്യം കൂടുതല്‍ വളരുമെന്നും ബഹുമാനിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടിയേറ്റ പ്രതിസന്ധി കൈകാര്യം ചെയ്ത ബൈഡൻ സർക്കാരിനെ വിമർശിച്ച അദ്ദേഹം, രാജ്യത്തുനിന്ന് ക്രിമിനിലുകളെ പുറത്താക്കുമെന്നും വ്യക്തമാക്കി. അമേരിക്കയ്ക്കിതു പുതിയ തുടക്കമാണ്. ട്രാൻസ്ജെൻഡറുകളെ പൂർണമായും തള്ളിപ്പറഞ്ഞ ട്രംപ്, രാജ്യത്ത് ഇനി ആണും പെണ്ണും എന്ന വർഗം മാത്രമേ ഉണ്ടാകൂവെന്നും പ്രഖ്യാപിച്ചു.
പനാമ കനാല്‍ തിരിച്ചുപിടിക്കും
തീവ്രവാദ-മയക്കുമരുന്ന് സംഘങ്ങളെയും അനധികൃത കുടിയേറ്റക്കാരെയും തടയുന്നതിന്‍റെ ഭാഗമായി യുഎസ്-മെക്സിക്കോ അതിർത്തിയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ട്രംപ്, പനാമ കനാല്‍ തിരിച്ചുപിടിക്കുമെന്നും വ്യക്തമാക്കി. ആദ്യദിനം നികുതി നിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ട്രംപ് നടത്തിയില്ല
