തിരുവനന്തപുരം: ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ ആളുടെ കമ്പനിക്കാണ് കേരളത്തില്‍ മദ്യനിർമാണശാലയ്ക്കുള്ള അനുമതി സർക്കാർ നല്‍കിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്ക് മദ്യ നിർമാണത്തിന് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനത്തിനെതിരേ പ്രതിപക്ഷം കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മദ്യനിർമാണ പ്ലാന്‍റ് തുടങ്ങാൻ അനുമതി നല്‍കിയത്. കമ്പനിയെ എങ്ങനെയാണ് തെരഞ്ഞെടുത്തതെന്നു വ്യക്തമല്ല. എന്തുകൊണ്ടാണ് ഈ കമ്പനിക്ക് മാത്രം അനുമതി നല്‍കിയത്? ഇഷ്ടക്കാർക്ക് ദാനം ചെയ്യാൻ ഇതു രാജഭരണമല്ല, ജനാധിപത്യ ഭരണമാണ്.
ഉപരിതല ജലവും ഭൂഗർഭജലവും മലിനപ്പെടുത്തിയതിന് പഞ്ചാബില്‍ ഇതേ കമ്പനിക്കെതിരെ കേസുണ്ട്.
മദ്യനയം മാറ്റി ആരും അറിയാതെ രഹസ്യമായാണ് ഒയാസിസ് കമ്പനിക്ക് മദ്യനിർമാണത്തിന് അനുമതി നല്‍കിയത്. ഒയാസിസ് കമ്പനി ഉടമ ഗൗതം മല്‍ഹോത്ര ഡല്‍ഹി മദ്യ വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിലായത്. ഈ കമ്പനിയെയാണ് എക്സൈസ് മന്ത്രി പുകഴ്ത്തിയത്.
മാലിന്യം നിക്ഷേപിച്ച് നാല് കിലോമീറ്ററില്‍ അധികം വരുന്ന സ്ഥലത്തെ ഉപരിതല ജലവും ഭൂഗർഭജലവും മലിനപ്പെടുത്തിയതിന് പഞ്ചാബില്‍ ഇതേ കമ്പനിക്കെതിരെ കേസുണ്ട്. ഈ വിഷയം പാർലമെന്‍റില്‍ എത്തുകയും ഇതേത്തുടർന്ന് കേന്ദ്ര മലിനീകരണ ബോർഡും കേന്ദ്ര ഭൂഗർഭ ജല ബോർഡും പ്രദേശത്ത് സന്ദർശനം നടത്തി ഗുരുതര നിയമലംഘനം നടത്തിയതായി റിപ്പോർട്ട് നല്‍കുകയും ചെയ്തു. പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനിക്കെതിരേ കേസ് നല്‍കി. ബോർവെല്ലിലൂടെ മാലിന്യം തള്ളിയാണ് ഇവർ ഭൂഗർഭജലം മലിനപ്പെടുത്തിയത്.
