ബിഹാർ: നിതീഷ് കുമാർ സർക്കാർ നടത്തിയ ജാതി സർവേ ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രയോഗമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.ഉദ്യോഗസ്ഥ വൃന്ദത്തിലും മറ്റ് മേഖലകളിലും ഒബിസി, ദലിതർ, തൊഴിലാളികള്‍ എന്നിവരുടെ പങ്കാളിത്തം എത്രത്തോളം ഉണ്ടെന്ന് കണ്ടെത്താൻ രാജ്യത്തുടനീളമുള്ള ജാതി സെൻസസ് സുപ്രധാനമാണെന്ന് പട്‌നയില്‍ നടന്ന സംവിധാൻ സുരക്ഷാ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
ബിജെപിയെ വിമർശിച്ച് രാഹുല്‍ ഗാന്ധി
“ജാതി സെൻസസിൻ്റെ ലക്ഷ്യം വിവിധ ജാതികളുടെ എണ്ണത്തെ കുറിച്ച് അറിയുക മാത്രമല്ല, രാജ്യത്തിൻ്റെ സമ്പത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തൻ കൂടിയാണ്. ബീഹാർ സർക്കാർ ചെയ്തതുപോലെ ഒരു ജാതി സർവേ ഞങ്ങള്‍ക്ക് ആവശ്യമില്ല. ബീഹാർ സർക്കാർ നടത്തിയ സെൻസസ് ആളുകളെ വിഡ്ഢികളാക്കാൻ വേണ്ടി മാത്രമായിരുന്നു” രാഹുല്‍ ഗാന്ധി പറഞ്ഞു.ഇന്ത്യയുടെ മുഴുവൻ സമ്ബത്തും രണ്ടോ മൂന്നോ ആളുകളുടെ കൈകളിലേക്ക് മാത്രമേ പോകാവൂ എന്ന് ഭരണഘടനയില്‍ എവിടെയാണ് എഴുതി വച്ചിരിക്കുന്നതെന്നും ഇന്നത്തെ ഇന്ത്യയില്‍ എം.എല്‍.എ മാർക്കും എം.പിമാർക്കും അതിനുള്ള അധികാരമില്ലെന്നും പിന്നോക്ക സമുദായത്തില്‍ നിന്നുള്ള ബി.ജെ.പി എംപിമാരെ കാണുമ്പോള്‍ തങ്ങള്‍ കൂട്ടിലടക്കപ്പെട്ടിരിക്കുകയാണെന്നാണ് തന്നോട് പറയുന്നതെന്നും രാഹുല്‍ ബിജെപിയെ വിമർശിച്ചു.
ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിൻ്റെ പ്രസ്താവനയെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു .
ദലിതർക്കും പിന്നാക്ക സമുദായങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിയപ്പോള്‍ അവരുടെ അധികാരം എടുത്തു കളഞ്ഞു. അംബാനിക്കും അദാനിക്കും ആർഎസ്‌എസിനും അധികാരം നല്‍കിയിരിക്കുകയാണ്. അവർ തങ്ങളുടെ ആളുകളെ എല്ലാ സംവിധാനങ്ങളിലും ഉള്‍പ്പെടുത്തി. അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠ ഇന്ത്യയുടെ യഥാർത്ഥ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്നുവെന്ന ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിൻ്റെ പ്രസ്താവനയെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു .
ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത് ഇന്ത്യൻ ഭരണഘടനയെ നിരാകരിക്കുകയാണ്
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1947 ഓഗസ്റ്റ് 15-ന് അല്ലെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. 1947 ഓഗസ്റ്റ് 15-ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്നാണ് ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത് പറയുന്നതെങ്കില്‍, അദ്ദേഹം ഇന്ത്യൻ ഭരണഘടനയെ നിരാകരിക്കുകയാണ്. രാഹുല്‍ അഭിപ്രായപ്പെട്ടു. അദ്ദേഹം ഡോ. ബി.ആർ. അംബേദ്ക്കറുടെയും ബുദ്ധൻ്റെയും മഹാത്മാഗാന്ധിയുടെയും പ്രത്യയശാസ്ത്രത്തെ ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളില്‍ നിന്നും തുടച്ചുനീക്കുകയാണെന്ന് രാഹുല്‍ കൂട്ടിച്ചേർത്തു
