ഡി.വൈ.എഫ്.ഐ കോട്ടയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ന​ഗരസഭ ചെയർപേഴ്‌സൻ ബിൻസി സെബാസ്റ്റ്യനെ ഉപരോധിച്ചു

കോട്ടയം: കോട്ടയം നഗരസഭയില്‍ നടന്ന 211 കോടി രൂപയുടെ തട്ടിപ്പില്‍ പ്രതിഷേധിച്ചും മുട്ടമ്പലത്തെ ക്രിമറ്റോറിയം ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ടും ഡി.വൈ.എഫ്.ഐ കോട്ടയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെയർപേഴ്‌സൻ ബിൻസി സെബാസ്റ്റ്യനെ ഉപരോധിച്ചു.
.ജനുവരി 17 ന് ഉച്ചയോടെയാണ് അദ്ധ്യക്ഷയുടെ ഓഫീസിലെത്തി പ്രവർത്തകർ ഉപരോധിച്ചത്. ഉപരോധം മണിക്കൂറുകളോളം നീണ്ടു. അഴിമതി അറിഞ്ഞില്ലെന്ന് പറഞ്ഞ് തടിതപ്പുന്ന ചെയർപേഴ്‌സണ്‍ രാജിവെയ്ക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. മുട്ടമ്പലത്തുള്ള നഗരസഭയുടെ ക്രിമറ്റോറിയം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാളുകളായി.

മൃതദേഹം മറവുചെയ്യാൻ മാർഗമില്ലാതെ ബന്ധുക്കള്‍ വലയുന്ന സ്ഥിതിയാണുളളത്

സ്വന്തമായി ഭൂമിയില്ലാതെ മരണപ്പെടുന്നവരുടെ മൃതദേഹം മറവുചെയ്യാൻ മാർഗമില്ലാതെ ബന്ധുക്കള്‍ വലയുന്ന സ്ഥിതിയാണ്. ഫെബ്രുവരി അഞ്ചിനകം വൈദ്യുതി ശ്മശാനം തുറന്നുനല്‍കുമെന്നും താല്‍കാലികമായി പോർട്ടബിള്‍ ശ്മശാനം ഒരുക്കുമെന്നും അദ്ധ്യക്ഷ പറഞ്ഞു. ഇതിന് ശേഷമാണ് ഉപരോധം സമാപിച്ചത്.

ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അഡ്വ.ബി.മഹേഷ് ചന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റ് അതുല്‍ ജോണ്‍ ജേക്കബ്, സെക്രട്ടറി അജിൻ കുരുവിള ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ രാഹുല്‍ പി.ജയകുമാർ, എസ്.അമൃത, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ബി.ആഷിഖ്, സി.പി.എം ഏരിയ കമ്മിറ്റിയംഗം ആർ.അഭിലാഷ്, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനില്‍ എന്നിവർ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →