കൊച്ചി: ഉമ തോമസ് എം.എല്‍.എയ്ക്ക് പരിക്കേല്‍ക്കാനിടയായ സംഭവത്തിൽ കലൂർ 16-ാം സർക്കിളിലെ ഹെല്‍ത്ത് ഇൻസ്പെക്ടർ എം.എൻ.നിതയെ നഗരസഭ സസ്പെന്റ് ചെയ്തു. നൃത്തപരിപാടിക്ക് അനുമതി തേടി സമർപ്പിച്ച അപേക്ഷയില്‍ സ്ഥല പരിശോധന നടത്താത്തതിനും മേലധികാരികള്‍ക്ക് റിപ്പോർട്ട് ചെയ്യാത്തതിനുമാണ് സസ്പെൻഷൻ. പരിപാടിയുടെ തലേന്ന് മാത്രമാണ് സംഘാടകർ അപേക്ഷ സമർപ്പിച്ചതെന്ന് മേയർ എം. അനില്‍കുമാർ അറിയിച്ചു
പണം സ്വീകരിക്കാതെ പരിപാടി നടത്തുന്നതായി അറിയിച്ചതിനാല്‍ അപേക്ഷ നിരസിച്ചെന്ന് ഹെല്‍ത്ത് വിഭാഗം
കേരള പ്ലെയ്സസ് ഒഫ് പബ്ളിക് റിസോർട്ട് ആക്ട് പ്രകാരം നഗരസഭയുടെ കലൂർ ഹെല്‍ത്ത് ഓഫീസില്‍ ലൈസൻസിന് സംഘാടകർ അപേക്ഷ നല്‍കിയിരുന്നു. പണം സ്വീകരിച്ച് പൊതുസ്ഥലങ്ങളില്‍ പരിപാടി നടത്തുന്നതിന് ഹെല്‍ത്ത് വിഭാഗം നല്‍കുന്നതാണ് പി.പി.ആർ ലൈസൻസ്. പണം സ്വീകരിക്കാതെ പരിപാടി നടത്തുന്നതായി അറിയിച്ചതിനാല്‍ അപേക്ഷ നിരസിച്ചെന്നാണ് ഹെല്‍ത്ത് വിഭാഗം സെക്രട്ടറിക്ക് വിശദീകരണം നല്‍കിയത്.
മേലധികാരിക്ക് റിപ്പോർട്ട് നല്‍കിയില്ല
സ്ഥലം പരിശോധിച്ച് ഹെല്‍ത്ത് ഇൻസ്പെക്ടർ മേലധികാരികള്‍ക്ക് റിപ്പോർട്ട് നല്‍കണം. എന്നാല്‍ മേയറുടെ നിർദ്ദേശപ്രകാരം ചൊവ്വാഴ്ച വകുപ്പ് മേധാവികളുടെ യോഗം വിളിച്ചപ്പോഴാണ് അപേക്ഷ ലഭിച്ചത് നഗരസഭാ സെക്രട്ടറി പൊലും അറിയുന്നത്. ഹെല്‍ത്ത് ഇൻസ്പെക്ടറുടെ കൃത്യവിലോപം വ്യക്തമായതിനാലാണ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്. റവന്യു, ഹെല്‍ത്ത്, എൻജിനിയറിംഗ് വിഭാഗങ്ങള്‍ക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. വീഴ്ച കാട്ടിയവർക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന് കൊച്ചി കോർപ്പറേഷൻമേയർ എം.അനില്‍കുമാർ പറഞ്ഞു.
