പാലോട്: മലയോര മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു. . രാത്രികാലങ്ങളില്‍ ഇവയെ പേടിച്ച് പുറത്തിറങ്ങാൻവയ്യാത്ത സ്ഥിതിയായി. ജനവാസമേഖലയില്‍ വന്യജീവികളെത്തിയതോടെ സമീപവാസികള്‍ ദുരിതത്തിലായി. കൃഷിക്കും മനുഷ്യർക്കും സംരക്ഷണം നല്‍കാൻ വനംവകുപ്പ് നടപ്പാക്കിയ സുരക്ഷാ നടപടികള്‍ പാളി. കരടിയും കാട്ടുപന്നികളും കാട്ടാനയും കാട്ടുപോത്തും കൂട്ടത്തോടെ കാടിറങ്ങി കാർഷിക വിളകള്‍ നശിപ്പിക്കുന്നതും തൊഴിലാളികളെ ആക്രമിക്കുന്നതും പതിവായിട്ടുണ്ട്.
. അധികൃതരും വനംവകുപ്പും പരാജയപ്പെട്ടു
നേരത്തെ കൃഷി മാത്രം നശിപ്പിച്ചിരുന്ന മൃഗങ്ങളിപ്പോള്‍ മനുഷ്യരെയും ആക്രമിക്കാൻ തുടങ്ങി. ഇവയെ തുരത്താൻ സോളാർ വേലിയും കിടങ്ങുകളുമായി വന്ന അധികൃതരും വനംവകുപ്പും പരാജയപ്പെട്ടു. മാത്രമല്ല, വന്യമൃഗങ്ങളാല്‍ ആക്രമിക്കപ്പെടുകയും മരിക്കുന്നവരുടെയും എണ്ണം കൂടിവരികയാണ്. നെടുമങ്ങാട് കാട്ടാക്കട താലൂക്കില്‍ 2013ല്‍ 11 പേരാണ് വന്യമൃഗ ആക്രമണത്തില്‍ മരിച്ചതെങ്കില്‍ 2024ല്‍ അതിന്റെ ഇരട്ടിയാണ് മരണനിരക്ക്. ആക്രമണത്താല്‍ ചികിത്സ തേടി കഴിയുന്നവരുടെ എണ്ണവും വർദ്ധിച്ചു. തൊഴിലാളികളെയാണ് കാട്ടുമൃഗങ്ങള്‍ ക്രൂരമായി ആക്രമിക്കുന്നത്. ഏറ്റവുമൊടുവിലത്തെ സംഭവം കെ.എസ്.ഇ.ബി ജീവനക്കാരൻ സന്തോഷിനെ പാലോട് വച്ച് കാട്ടുപന്നി കുത്തി വീഴ്ത്തിയതാണ്.തെന്നൂർ നെട്ടയം വിളയില്‍ അനില്‍കുമാർ, സജു എന്നിവരെ കാട്ടുപന്നി ആക്രമിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു.
വന്യമൃഗശല്യത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കാട്ടാനക്കൂട്ടം തെങ്ങ് ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിപ്പിക്കുന്നു. പന്നി,മ്ലാവ്,കേഴയാട്,കുരങ്ങ് എന്നിവയുടെ ശല്യവും രൂക്ഷമാണ്.അടിപ്പറമ്പ്ആദിച്ചൻ കോണിലെ കതിരൻകാണിയുടെ അരയേക്കറോളം വരുന്ന കൃഷി കാട്ടുപോത്തുകള്‍ നശിപ്പിച്ചത് അടുത്തിടെയാണ്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്. പെരിങ്ങമ്മല പഞ്ചായത്തിലെ പേത്തല കരിക്കകം,സെന്റ്മേരീസ്,കരിമണ്‍കോട്, ബൊട്ടാണിക്കല്‍ ഗാർഡൻ ജംഗ്ഷൻ, ജവഹർ കോളനി, കുട്ടത്തി, ഇലവുപാലം, ഗേറ്റുമുക്ക്, സ്വാമി നഗർ മേഖലകളില്‍ കാട്ടാനശല്യം രൂക്ഷമാണ്.വനാതിർത്തിയില്‍ നിന്ന് ഏകദേശം 4 കിലോമീറ്ററിലധികം ദൂരത്തിലുള്ള സ്ഥലങ്ങളിലും കാട്ടാനകള്‍ ഭീതിപരത്തുന്നു. ആന കയറാതിരിക്കാൻ കെട്ടിയ കമ്പിവേലി പൂർണമായും നശിപ്പിച്ചു. വന്യമൃഗശല്യത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം