കൊച്ചി : .കാശ്മീരിലെ പഹല്‍ഗാമില്‍ മുസ്ലിം തീവ്രവാദികളുടെ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പളളിയിലെ രാമചന്ദ്രന്റെ മരണം നിഷ്ഠൂര വിധത്തിലായിരുന്നുവെന്ന് കണ്‍മുമ്പില്‍ അതു കണ്ട അദ്ദേഹത്തിൻ്റെ മകൾ ആരതി ബാംഗളൂരിലുളള തന്റെ സഹോദരൻ അരവിന്ദനെ അറിയിച്ച പ്രകാരം പഹല്‍ഗാമില്‍ നടന്ന സംഭവം ഇങ്ങനെയാണ് :
രാമചന്ദ്രന്‍ ഭാര്യ ഷീലയോടും മകള്‍ക്കും രണ്ട് പേരക്കുട്ടികള്‍ക്കും ഒപ്പമാണ് പോയത്. ആരോഗ്യം തൃപ്‌തികരമല്ലാത്തതിനാല്‍ ഷീല പഹല്‍ഗാമില്‍ ട്രക്കിംഗിന് ഒപ്പം പോയില്ല. ഏറെ ദൂരം നടന്ന് ഒരു കാടിനരുകില്‍ വിശ്രമിക്കുകയായിരുന്നു രാമചന്ദ്രനും മകളും പേരക്കുട്ടികളും. അതിനിടയില്‍ കാട്ടില്‍ നിന്ന് സൈനിക യൂണിഫോം ധരിച്ച ആയുധമേന്തിയ ഏഴുപേര്‍ നടന്നുവന്നു. ഇവരെ കണ്ടതും ഇന്ത്യന്‍ പട്ടാളക്കാരാണെന്ന് തെറ്റിദ്ധരിച്ച് അവര്‍ക്കുനേരെ കൈ ഉയര്‍ത്തി വീശി രാമചന്ദ്രന്‍ അഭിവാദ്യം ചെയ്‌തു. അവര്‍ രാമചന്ദ്രന് അരികിലേക്കുവന്നു. അഭിവാദ്യം ചെയ്‌തതിന് അനുകൂലമായി പ്രതികരിക്കാതെ രാമചന്ദ്രന്റെ തലയ്‌ക്കുനേരെ തോക്കുചൂണ്ടുകയാണ് ഉണ്ടായത്.
തോക്കുചൂണ്ടിയതിനുശേഷം പേര് ചോദിച്ചു. രാമചന്ദ്രന്‍ എന്ന് പറഞ്ഞുവെങ്കിലും ഉടന്‍തന്നെ അദ്ദേഹത്തോട് കലിമ ചൊല്ലുവാന്‍ ആവശ്യപ്പെട്ടു. മുസ്ലിം മതത്തില്‍ ചേരുമ്പോഴോ ഇസ്ലാം ആചരിക്കുമ്പോഴോ ചൊല്ലുന്ന ഈ സൂക്തം രാമചന്ദ്രന് അറിയുമായിരുന്നില്ല. പട്ടാളക്കാര്‍ എന്തുകൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത് എന്ന് വിസ്‌മയിച്ചുകൊണ്ട് ഇംഗ്ലീഷില്‍ അവരോട് ഐ ആം നോട്ട് മുസ്ലീം (I am not a Muslim) എന്നുപറഞ്ഞു. ഇത് പറഞ്ഞുതീര്‍ന്ന ഉടനെതന്നെ തലയില്‍ മുട്ടിച്ചുവച്ചിരുന്ന തോക്കില്‍ നിന്നും വെടിയുണ്ട പാഞ്ഞു.
തൊട്ടടുത്തുനില്‍ക്കുകയായിരുന്ന മകള്‍ ആരതി സ്‌തംഭിച്ചു നില്‍ക്കുകയും അവരുടെ ഇരട്ടകളായ രണ്ട് ആണ്‍കുട്ടികളും ഭയവിഹ്വലരായി നിലവിളിക്കുകയും ചെയ്തു. വെടിയേറ്റ് രാമചന്ദ്രന്‍ താഴെ വീണതോടെ അയാള്‍ തോക്ക് ആരതിക്കുനേരെ ചൂണ്ടി. അവരുടെ ഇരട്ടകളായ രണ്ട് ആണ്‍കുട്ടികളും ഇതോടെ ഉച്ചത്തില്‍ നിലവിളിക്കാന്‍ ആരംഭിച്ച് ബഹളം കൂട്ടി. പരിസരത്തുളളവരും ബഹളം വയ്‌ക്കുകയും ശ്രദ്ധിക്കുകയും ചെയ്‌തു. അതോടെ ഏഴംഗ സംഘം കാട്ടിനുളളിലേക്ക് പിന്‍വലിഞ്ഞു. ആറുവയസ് പ്രായമുളള ഇരട്ടക്കുട്ടികളായ രണ്ടാണ്‍മക്കളെയും കൂട്ടി ആരതി അവിടെനിന്നും ഓടിപ്പോയി. 15 മിനിട്ടിനുളളില്‍ പട്ടാളം ആ പ്രദേശത്ത് എത്തിച്ചേര്‍ന്നു. നാട്ടുകാരും എത്തി . അവരുടെ സഹായത്തോടെയാണ് സുരക്ഷിത സ്ഥാനത്ത് എത്തിയത്.
രാമചന്ദ്രന്റെ മൃതദേഹം 23.04.2025 വൈകിട്ട് എയര്‍ ഇന്‍ഡ്യയുടെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തും. കൊച്ചി റിനൈ സിറ്റിയില്‍ മൃതദേഹം സൂക്ഷിക്കും. ഏപ്രിൽ 25 വെളളയാഴ്‌ച രാവിലെ ചങ്ങമ്പുഴ പാര്‍ക്കില്‍ പ്രദര്‍ശനത്തിന് അന്തിമ ഉപചാരങ്ങൾ അർപിക്കുവാനായി വയ്‌ക്കും. അതിനുശേഷം ചങ്ങമ്പുഴ പാര്‍ക്കിടുത്തുളള പൊതു ശ്‌മശാനത്തില്‍ സംസ്‌കാര കര്‍മങ്ങള്‍ നടത്തും.
രാമചന്ദ്രന്‍ 1977 മുതല്‍ ഇടപ്പളളി പ്രദേശത്ത് ആര്‍എസ്‌എസ് ന്റെ ശാഖ പ്രമുഖ് ആയി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ബിജെപിയുടെ ചുമതലകള്‍ വഹിച്ചു. ജില്ല പഞ്ചായത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. അതിനുശേഷം ഗള്‍ഫില്‍ ബിസിനസുമായി കഴിയുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് ഇടപ്പളളിയില്‍ തിരിച്ചെത്തിയത്. രാമചന്ദ്രന് ആരതി ,അരവിന്ദ് എന്നിങ്ങനെ രണ്ടുമക്കളാണ് ഉളളത്. അരവിന്ദ് ബാംഗളൂരിലും ആരതി ദുബായിലും കഴിയുകയാണ്. കൊച്ചുമക്കളോടൊപ്പം മകള്‍ ആരതി നാട്ടിലെത്തിയതിനെ തുടര്‍ന്നാണ് ഭാര്യയേയും കൂട്ടി രാമചന്ദ്രന്‍ ജമ്മു കാശ്‌മീര്‍ സന്ദര്‍ശിക്കുന്നതിനായി പോയത്.