വത്തിക്കാൻ : ജൂബിലിവർഷത്തില്‍ റോമിലെ തടവറയില്‍ ദണ്ഡവിമോചനത്തിന്‍റെ ‘വിശുദ്ധ വാതില്‍’ തുറന്ന് ഫ്രാൻസിസ് മാർപാപ്പ.റോമാ നഗരപ്രാന്തത്തിലെ റേബിബ്ബിയ ജയില്‍ സന്ദർശിച്ച മാർപാപ്പ, ജയിലിലെ ചാപ്പലിലാണു വിശുദ്ധ വാതില്‍ തുറന്നത്. പ്രതീക്ഷ നിരാശപ്പെടുത്തില്ല എന്നോർമിപ്പിക്കാനാണിതെന്ന് ജയിലിലെ അന്തേവാസികളോടും ഗാർഡുമാർ അടക്കമുള്ള ജീവനക്കാരോടും അദ്ദേഹം പറഞ്ഞു.
അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും ദണ്ഡവിമോചനത്തിന്‍റെയും അനുഭവം നല്കുന്ന വാതിലുകൾ
ഇതാദ്യമായാണ് ഒരു മാർപാപ്പ ജയിലില്‍ വിശുദ്ധ വാതില്‍ തുറക്കുന്നത്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്ക, സെന്‍റ് ജോണ്‍ ലാറ്ററൻ, സെന്‍റ് മേരി മേജർ ബസിലിക്കകള്‍, സെന്‍റ് പോള്‍ ബസിലിക്ക എന്നീ പേപ്പല്‍ ബസിലിക്കകളില്‍ മാത്രമാണു മാർപാപ്പ വിശുദ്ധവാതില്‍ തുറക്കാറുള്ളത്. കടന്നുപോകുന്ന തീർഥാടകർക്ക് അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും ദണ്ഡവിമോചനത്തിന്‍റെയും അനുഭവം നല്കുന്ന വാതിലുകളാണിവ.
‘പ്രത്യാശയുടെ തീര്‍ഥാടകര്‍’എന്നതാണ് ജൂബിലി ആപ്തവാക്യം.
സഭ ജൂബിലിവർഷം ആഘോഷിക്കുന്നത് 25 വർഷം കൂടുമ്പോഴാണ്. ഫ്രാൻസിസ് മാർപാപ്പ 24ന് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലെ വിശുദ്ധവാതില്‍ തുറന്നതോടെ ആരംഭിച്ച ജൂബിലിയാഘോഷം 2026 ജനുവരി ആറു വരെ നീളും. ‘പ്രത്യാശയുടെ തീര്‍ഥാടകര്‍’എന്നതാണ് ജൂബിലി ആപ്തവാക്യം.
“”ദൈവത്തിന്‍റെ ഹൃദയകവാടം തുറന്നിരിക്കുന്നു, അവനിലേക്കു മടങ്ങുക”
ദൈവത്തിന്‍റെ ഹൃദയകവാടം സദാ തുറന്നുകിടക്കുന്നുവെന്നും അവനിലേക്കു നമ്മള്‍ മടങ്ങണമെന്നും ക്രിസ്മസ് ദിനത്തില്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവില്‍നിന്ന് വിശ്വാസികള്‍ക്കു നല്കിയ ‘ഊർബി എത്ത് ഓർബി (നഗരത്തിനും ലോകത്തിനും)’ ആശീർവാദ സന്ദേശത്തില്‍ മാർപാപ്പ ആഹ്വാനം ചെയ്തു. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ തുറന്ന വിശുദ്ധ വാതില്‍ യേശുവിനെ പ്രതിനിധാനം ചെയ്യുന്നു. നഷ്ടപ്പെട്ട ആടുകളായ നമ്മള്‍ വീണ്ടെടുക്കപ്പെടാനുള്ള വാതിലാണത്.
സമാധാനം സ്ഥാപിക്കാൻ ചർച്ചകളുടെ വാതില്‍ തുറക്കപ്പെടണം
തർക്കങ്ങളും ഭിന്നതകളും ഉപേക്ഷിച്ച് സമാധാന രാജാവായ ഉണ്ണിയേശുവിന്‍റെ കരങ്ങളില്‍ സ്വയം സമർപ്പിച്ചാലേ വാതിലിലൂടെ പ്രവേശിക്കാനാവൂ. യുക്രെയ്ൻ, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ സമാധാനം സ്ഥാപിക്കാൻ ചർച്ചകളുടെ വാതില്‍ തുറക്കപ്പെടണം. ഗാസയിലെ ബന്ദികളെ മോചിപ്പിക്കുകയും യുദ്ധം അവസാനിപ്പിക്കുകയും വേണമെന്നു മാർപാപ്പ ആവശ്യപ്പെട്ടു. ലബനനിലെയും സിറിയയിലെയും ക്രൈസ്തവസമൂഹങ്ങളെ മാർപാപ്പ പ്രത്യേകം സ്മരിച്ചു.