വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടക്കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരേ പ്രധാനമന്ത്രിക്കു കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് പല മടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരേ പ്രധാനമന്ത്രിക്കു കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ.കേന്ദ്രസർക്കാർ വിജിഎഫ് ഗ്രാന്‍റിന്‍റെ കാര്യത്തില്‍ പുലർത്തുന്ന പൊതുനയത്തില്‍നിന്നുള്ള വ്യതിയാനമാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ കാര്യത്തില്‍ മാത്രം കേന്ദ്ര ധനമന്ത്രാലയം സ്വീകരിക്കുന്ന നിലപാട്. വിജിഎഫ് ഗ്രാന്‍റായി തന്നെ അനുവദിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

നെറ്റ് പ്രസന്‍റ് മൂല്യം അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്ന നിബന്ധന

കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് രൂപീകരിച്ച എംപവേർഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിനു നല്‍കാൻ ശിപാർശ ചെയ്തത്. ഈ തുക ലഭിക്കണമെങ്കില്‍ വിജിഎഫ് കേരള സർക്കാർ നെറ്റ് പ്രസന്‍റ് മൂല്യം അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്ന നിബന്ധനയാണ് കേന്ദ്രം മുന്നോട്ടു വച്ചത്. വിജിഎഫ് ആയി കേന്ദ്രം നല്‍കുന്നത് 817.80 കോടി രൂപയാണെങ്കിലും തിരിച്ചടവിന്‍റെ കാലയളവില്‍ പലിശനിരക്കില്‍ വരുന്ന മാറ്റങ്ങളും തുറമുഖത്തില്‍ നിന്നുള്ള വരുമാനവും പരിഗണിച്ചാല്‍ ഏതാണ്ട് 10,000 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് കണക്കാക്കുന്നത്

വയബിലിറ്റി ഗ്യാപ് ഫണ്ടിംഗിന്‍റെ യുക്തിയെതന്നെ നിരാകരിക്കുന്ന നിലപാട്

മാനദണ്ഡമനുസരിച്ച്‌ ഒറ്റത്തവണ ഗ്രാന്‍റായി നല്‍കണം. അതു വായ്പയായി പരിഗണിക്കേണ്ടതല്ല. എന്നാല്‍, കേന്ദ്രം വിഴിഞ്ഞം തുറമുഖ പദ്ധതിക്കു നല്‍കിയ തുക സംസ്ഥാന സർക്കാരിനു നല്‍കിയ വായ്പയായി വ്യാഖ്യാനിക്കുകയും അതിന്‍റെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സർക്കാരിന്‍റെ ബാധ്യതയാക്കി മാറ്റുകയുമാണു ചെയ്യുന്നതെന്നും പ്രധാനമന്ത്രിക്കുള്ള കത്തില്‍ വിശദീകരിച്ചു. വിഴിഞ്ഞത്തിന്‍റെ കാര്യത്തില്‍ വിജിഎഫ് തിരിച്ചടവുമായി ബന്ധപ്പെട്ട കേന്ദ്ര ധനമന്ത്രാലയ നിലപാട് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗിന്‍റെ യുക്തിയെതന്നെ നിരാകരിക്കുന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →