കെ സുധാകരന്‍റെ നേതൃത്വത്തില്‍ കോൺ​ഗ്രസ് നല്ല പ്രകടനം ആണ് കാഴ്ച വെച്ചതെന്ന് ശശി തരൂർ എംപി

തിരുവനന്തപുരം: സംസ്ഥാന കോണ്‍‌ഗ്രസില്‍ നേതൃമാറ്റത്തിന്‍റെ ആവശ്യം ഇല്ലെന്ന് ശശി തരൂർ എംപി. ലോക്സഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍റെ നേതൃത്വത്തില്‍ മികച്ച വിജയം നേടി.ഉപതെരഞ്ഞെടുപ്പിലും സീറ്റ് നിലനിർത്തി. കെ സുധാകരന്‍റെ നേതൃത്വത്തില്‍ പാർട്ടി നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. സുധാകരനെ മാറ്റേണ്ട കാര്യമില്ലെന്നും തരൂർ പ്രതികരിച്ചു.

അധ്യക്ഷനെ മാറ്റണോ എന്നതിനെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ഭിന്നതയുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.

കെപിസിസി പുനഃസംഘടനയില്‍ അധ്യക്ഷനെ മാറ്റണോ വേണ്ടയോ എന്നതിനെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ഭിന്നതയുണ്ടെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. കെ സുധാകരനെ അടക്കം മാറ്റി അടിമുടി അഴിച്ചുപണി വേണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം. തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബ് കോണ്‍ഗ്രസില്‍ സമൂലമാറ്റം വേണമെന്ന ആവശ്യം ശക്തമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്ബ് സുധാകരനെ മാറ്റാനുള്ള എംപിമാരുടെ അടക്കം നീക്കങ്ങള്‍ക്കൊപ്പമായിരുന്നു വി ഡി സതീശൻ. ഇപ്പോള്‍ പക്ഷെ സ്വന്തം നിലക്കുള്ള ശ്രമത്തിനില്ല, ദില്ലി തീരുമാനിക്കട്ടെയെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ നിലപാട്. കണ്ണൂരിലെ സുധാകരന്‍റെ ജയവും ലോക്സഭാ തെരഞ്ഞെടുപ്പിലെ പാർട്ടി മുന്നേറ്റവും അധ്യക്ഷന്‍റെ കരുത്ത് കൂടി.

യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും തരൂർ

കെപിസിസി പുനഃസംഘടന സംബന്ധിച്ച്‌ ഔദ്യോഗിക ചർച്ചകള്‍ ഇതുവരെ നടന്നിട്ടില്ലെന്ന് തരൂർ പറഞ്ഞു. യുവാക്കളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം കൂട്ടണം എന്നാണ് ഉദയ്പൂർ പ്രഖ്യാപനം. പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണം. കഴി‍ഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് സീറ്റ് നല്‍കിയെങ്കിലും വിജയിച്ചില്ലെന്ന് പരാതി ഉണ്ടായിരുന്നു. പക്ഷേ ഇവർക്ക് പ്രചാരണത്തിന് മൂന്നാഴ്ച മാത്രമാണ് കിട്ടിയത്. അതാണ് തിരിച്ചടിയായത്. യുവാക്കള്‍ക്ക് അവസരം നല്‍കണം. നല്ല മാറ്റം വരുമെന്ന് തരൂർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →