.നിലമ്പൂർ : വയനാട്ടിലെ ജനങ്ങള്‍ക്കു വേണ്ടിയും ഒപ്പം ഭരണഘടന സംരക്ഷിക്കാനും ഉള്ള പോരാട്ടങ്ങളാണു താൻ നടത്തുകയെന്നു പ്രിയങ്കഗാന്ധി എംപി. നിങ്ങളുടെ കുടുംബാംഗമായി ഏറ്റെടുത്തതിന് ആഴത്തിലുള്ള നന്ദിയും കടപ്പാടുമുണ്ടെന്നും അവര്‍ വ്യക്തമാക്കി. റിക്കാര്‍ഡ് ഭൂരിപക്ഷത്തിന് വിജയിപ്പിച്ചതിന് നന്ദി പറയാനെത്തിയ പ്രിയങ്കഗാന്ധി കരുളായിയിലെ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു.നന്ദി പറയാന്‍വേണ്ടി മാത്രമാണു രണ്ടു ദിവസത്തേക്കു ഞാനെത്തിയതെന്നും പ്രിയങ്ക പറഞ്ഞു.
ഓരോരുത്തര്‍ക്കും വേണ്ടി പാര്‍ലമെന്‍റ് അംഗമെന്ന നിലയില്‍ പ്രവര്‍ത്തിക്കും.
നിങ്ങള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യും. എന്‍റെ സഹോദരന് നിങ്ങള്‍ കരുത്തും ധൈര്യവും നല്‍കി. അദ്ദേഹം നിങ്ങളെ ബഹുമാനിച്ചപോലെ ഞാനും നിങ്ങളെ ബഹുമാനിക്കും.നിങ്ങള്‍ ഓരോരുത്തര്‍ക്കും വേണ്ടി പാര്‍ലമെന്‍റ് അംഗമെന്ന നിലയില്‍ പ്രവര്‍ത്തിക്കും. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലും റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യമേഖലയിലും കൂടുതല്‍ വികസനം വേണം. കാര്‍ഷിക വിളകള്‍ക്ക് വിപണിയും മാന്യമായ വിലയും ലഭിക്കണം.
വയനാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും
നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പു കാലത്തു നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നു. ടൂറിസം വികസനം, രാത്രിയാത്രാ നിരോധനം, മനുഷ്യ, വന്യജീവി സംഘര്‍ഷം അടക്കം ഒട്ടനവധി പ്രശ്നങ്ങളുണ്ട്. അവ പരിഹരിക്കാന്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും- പ്രിയങ്ക പറഞ്ഞു. പാര്‍ലമെന്‍റിലെ ചര്‍ച്ചയെപ്പോലും ബിജെപി ഭയക്കുകയാണ്.ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് നാം. ഭരണഘടനയെയും ജനാധിപത്യത്തെയും തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നു പ്രിയങ്ക അരോപിച്ചു