പോളിംഗ് സമയത്ത് ഇത്രയും പണബലം ഉപയോഗിച്ചതായി താൻ കണ്ടിട്ടില്ലെന്ന് ശരത്പവാർ

മുംബൈ:”ഞങ്ങള്‍ പ്രതീക്ഷിക്കാത്തതാണിത്. ജനത്തിന്‍റെ തീരുമാനമാണിത്. പ്രതികരണവുമായി എൻസിപി സ്ഥാപകൻ ശരദ്പവാർ. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിനുശേ‌ഷം ഇതാദ്യമായിട്ടാണ് ശരത്പവാർ പ്രതികരിക്കുന്നത്. . ഞങ്ങളെക്കാളും കൂടുതല്‍ സീറ്റ് അജിത് പവാറിനു ലഭിച്ചിട്ടുണ്ട്. എന്നാല്‍ എൻസിപിയുടെ സ്ഥാപകനാരാണെന്ന് മഹാരാഷ്‌ട്രയ്ക്ക് അറിയാം”.- ആകെയുള്ള 288 സീറ്റില്‍ തന്‍റെ അനന്തരവൻ അജിത് പവാർ 41 സീറ്റ് നേടിയപ്പോള്‍ തന്‍റെ വിഭാഗത്തിന് പത്തു സീറ്റ് മാത്രം ലഭിച്ചതു പരാമർശിച്ച്‌ ശര‌ദ് പവാർ പറഞ്ഞു.

യോഗി ആദിത്യനാഥ് ഉയർത്തിയ വിഭജനവാദം തെരഞ്ഞെടുപ്പ് അന്തരീക്ഷത്തെ ധ്രുവീകരിച്ചു.

പോളിംഗ് സമയത്ത് ഇത്രയും പണബലം ഉപയോഗിച്ചതായി താൻ കണ്ടിട്ടില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉയർത്തിയ വിഭജനവാദം തെരഞ്ഞെടുപ്പ് അന്തരീക്ഷത്തെ ധ്രുവീകരിച്ചെന്നും ശരദ് പവാർ പറഞ്ഞു. “ഇത്തരത്തിലുള്ള പണത്തിന്‍റെ ഉപയോഗം മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് ആളുകളില്‍നിന്ന് ഞാൻ കേട്ടു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ അഭിപ്രായങ്ങള്‍, അവർ ധ്രുവീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമായിരുന്നു. തെരഞ്ഞെടുപ്പില്‍ ധ്രുവീകരണമുണ്ടായി. അതിനായി അദ്ദേഹത്തെ ഇവിടെ (മഹാരാഷ്‌ട്രയില്‍) കൊണ്ടുവന്നു. വർഷങ്ങളായി പൊതുരംഗത്ത് ഉള്ളവരാണു ഞങ്ങള്‍.

ഞങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഫലമുണ്ടായില്ല.

ഇത്തരമൊരു അനുഭവം ഇതുവരെ ഞങ്ങള്‍ക്കുണ്ടായിട്ടില്ല. എന്തുകൊണ്ടാണ് ഇതു സംഭവിച്ചതെന്ന് മനസിലാക്കുകയും പുതിയ ആവേശത്തോടെ ജനങ്ങളുടെ മുന്നിലേക്ക് പോകുകയും ചെയ്യും. എന്‍റെ പാർട്ടിയായാലും ശിവസേനയായാലും കോണ്‍ഗ്രസ് ആയാലും സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളില്‍ സഞ്ചരിച്ചു. പക്ഷേ ഞങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഫലമുണ്ടായില്ല.ജനങ്ങളുടെ ആശങ്കകളെക്കുറിച്ച്‌ എംവിഎ ചർച്ച ചെയ്യും. പ്രചാരണവേളയില്‍ ഞങ്ങള്‍ക്ക് ജനങ്ങളില്‍നിന്നു മികച്ച പ്രതികരണമുണ്ടായി. പക്ഷേ അത് വോട്ടായി മാറാത്തതെന്തെന്ന് ഞങ്ങള്‍ക്കറിയില്ല”-പവാർ പറഞ്ഞു.

83 കാരനായ ശരദ് പവാർ വിരമിക്കണമെന്ന് ചില എൻസിപി നേതാക്കള്‍ ആവശ്യപ്പെട്ടതിനോടു പ്രതികരിക്കവേ, താൻ എന്തുചെയ്യണമെന്ന് അവർക്കു തീരുമാനിക്കാൻ കഴിയില്ലെന്നും താനും തന്‍റെ സഹപ്രവർത്തകരും തീരുമാനിക്കുമെന്നും പവാർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →