. ഡല്‍ഹി: വയനാട്ടിലെ പ്രിയ സഹോദരീ സഹോദരന്മാരെ, പാർലമെന്റില്‍ നിങ്ങളുടെ ശബ്ദമാകാൻ ഒരുങ്ങി കഴിഞ്ഞു. അവസരം നല്‍കിയതിനും സ്നേഹത്തിനും ഒരായിരം നന്ദി . പ്രിയങ്ക ഗാന്ധി ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ കുറിച്ചു. മണ്ഡലത്തിലെ ഓരോരുത്തരുടെയും വിജയമാണിത്. തന്നിലർപ്പിച്ച വിശ്വാസം വിനയാന്വിതയാക്കുന്നു.വയനാടിന്റെ പ്രതീക്ഷകളും പ്രശ്നങ്ങളും ഉള്‍ക്കൊണ്ട്, നിങ്ങളിലൊരാളായി കൂടെയുണ്ടാകും.പ്രിയങ്ക പറഞ്ഞു.
കന്നിഅങ്കത്തില്‍ വയനാട്ടില്‍ മിന്നുംവിജയം നേടിയതിനു പിന്നാലെ നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി.
ഭക്ഷണമോ വിശ്രമമോ ഇല്ലാതെ തനിക്കൊപ്പം നിന്ന യു.ഡി.എഫിലെ സഹപ്രവർത്തകർക്കും നേതാക്കള്‍ക്കും ഓഫീസ് സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നു. ധൈര്യവും പിന്തുണയും നല്കിയ അമ്മ സോണിയാ ഗാന്ധി, ഭർത്താവ് റോബർട്ട് വാദ്ര, മക്കളായ റൈഹാൻ, മിരായ എന്നിവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പ്രിയ സഹോദരൻ രാഹുല്‍, നിങ്ങളാണ് യഥാർത്ഥ ധൈര്യശാലി. എല്ലായ്പ്പോഴും വഴികാട്ടിയും ധൈര്യവും ആയി നിലകൊള്ളുന്നതിന് നന്ദിയെന്നും പ്രിയങ്ക സമൂഹ മാദ്ധ്യമത്തില്‍ കുറിച്ചു.
ഖാർഗെ മധുരം നല്കി സ്വീകരിച്ചു.
കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗയെ ഡല്‍ഹിയിലെ വസതിയില്‍ പ്രിയങ്ക സന്ദർശിച്ചു. മധുരം നല്‍കിയാണ് ഖാർഗെ സ്വീകരിച്ചത്. രാജ്യത്തിന്റെ നേതൃ തലത്തിലേക്ക് വയനാട് സംഭാവന നല്‍കുന്നത് തുടരുകയാണെന്ന് ഖാർഗെ പ്രതികരിച്ചു.
വയനാടിന് നന്ദിയെന്ന് ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര
പ്രിയങ്കയെ വൻ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വയനാടിന് നന്ദിയെന്ന് ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര പ്രതികരിച്ചു. മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായി കാഴ്ചയില്‍ മാത്രമാണ് പ്രിയങ്കയ്ക്ക് സാമ്യമുള്ളത്. പ്രിയങ്ക പയറ്റുന്നത് അന്നത്തെ രാഷ്ട്രീയമല്ല, സമകാലിക രാഷ്ട്രീയമാണെന്നും കൂട്ടിച്ചേർത്തു