.അടൂർ: നിയോജകമണ്ഡലം പ്രസിഡന്റ് അറിയാതെ ജില്ലാ പ്രസിഡന്റ് കമ്മിറ്റി വിളിച്ചെന്ന് ആരോപിച്ച് കേരളാ കോണ്‍ഗ്രസ് (എം) നേതാക്കാള്‍ ചേരിതിരിഞ്ഞ് തർക്കവും കൈയാങ്കളിയും. അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് സജു മിഖായേലിന്റെ നേതൃത്വത്തില്‍ കമ്മിറ്റിക്ക് എത്തിയവരുമായാണ് തർക്കം ഉണ്ടായത്.
ഏഴംകുളം സഹകരണ ബാങ്ക് ബോർഡ് അംഗം തോമസ് മാത്യുവും കൂടെ ഉള്ളവരുംകമ്മിറ്റിക്ക് എത്തിയപ്പോള്‍ സജു മിഖായേലിന്റെ ഒപ്പമുള്ളവർ തടയുകയും അസഭ്യം പറയുകയും പിടിച്ചുതള്ളുകയും ചെയ്തതായാണ് അറിയുന്നത് . കൊടുമണ്‍ മണ്ഡലം പ്രസിഡന്റ് റെജി മുരുപ്പേല്‍, ജില്ലാ കമ്മിറ്റിയംഗം മോഹനൻ പള്ളിപ്പാട്, പന്തളം മണ്ഡലം പ്രസിഡന്റ് ലിനു മാത്യു, പന്തളം തെക്കേക്കര മണ്ഡലം പ്രസിഡന്റ് ജോസ് കുളത്തിൻകരോട്, അടൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അഭയകുമാർ തുടങ്ങിയവർ സജു മിഖായേലിനോടൊപ്പം ഉണ്ടായിരുന്നു.
മോശമായി പെരുമാറിയവർക്കെതിരെ നടപടിയെടുക്കും
എന്നാല്‍ അടൂർ നിയോജക മണ്ഡലം കമ്മിറ്റി വിളിച്ചുചേർക്കണമെന്ന് നിയോജകമണ്ഡലം പ്രസിഡന്റിനും സെക്രട്ടറിക്കും ജില്ലാ കമ്മിറ്റി കത്ത് നല്‍കിയിരുന്നതായും, മോശമായി പെരുമാറിയവർക്കെതിരെ നടപടിയെടുക്കുമെന്നും കേരളാ കോണ്‍ഗ്രസ് എം ജില്ലാ ജനറല്‍ സെക്രട്ടറി എബ്രഹാം വാഴയില്‍ പറഞ്ഞു