വാടക ഗർഭപാത്രത്തിലൂടെ അമ്മയാകാനുള്ള പ്രായപരിധി വ്യക്തമാക്കി ഹൈക്കോടതി

കൊച്ചി: വാടകഗര്‍ഭപാത്രത്തിലൂടെ അമ്മയാകാനുള്ള അവകാശം 51 വയസ്സ് തികയുന്നതിന്റെ തലേന്നുവരെയുണ്ടെന്ന് ഹൈക്കോടതി. 50 വയസ്സായി എന്നതിന്റെപേരില്‍ ഇതിന് അനുമതി നിഷേധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.കണ്ണൂര്‍ സ്വദേശികളായ ദമ്പതിമാരാണ് വാടകഗര്‍ഭപാത്രത്തിലൂടെ അമ്മയാകാനുള്ള അനുമതിതേടി ഹൈക്കോടതിയെ സമീപിച്ചത്.

സ്ത്രീയുടെ കാര്യത്തില്‍ 51 തികയുന്നതിന്റെ തലേന്നുവരെ ഇതിന് സാധുതയുണ്ടെന്ന് കോടതി

സ്ത്രീകള്‍ക്ക് 23 മുതല്‍ 50-ഉം പുരുഷന് 26 മുതല്‍ 55 വയസ്സുമാണ് വാടകഗര്‍ഭധാരണ നിയമപ്രകാരമുള്ള പ്രായപരിധി. സ്ത്രീയുടെ കാര്യത്തില്‍ 51 തികയുന്നതിന്റെ തലേന്നുവരെ ഇതിന് സാധുതയുണ്ടെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് ഒരാഴ്ചയ്ക്കകം ഹര്‍ജിക്കാര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദേശിച്ചു.സ്‌കൂള്‍രേഖപ്രകാരം 1974 ജൂണ്‍ 21 ആണ് ഹര്‍ജിക്കാരിയുടെ ജനനത്തീയതി. അതിനാല്‍ പ്രായപരിധി കഴിഞ്ഞെന്നു വിലയിരുത്തി സറോഗസി ബോര്‍ഡ് അനുമതിനിഷേധിച്ചു. ആധാര്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയില്‍ ജനനത്തീയതി 1978 ജൂണ്‍ 21 ആണ്. ബോര്‍ഡ് ഇത് പരിഗണിച്ചില്ല. തുടര്‍ന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. തുടര്‍ന്ന് അപ്പീല്‍നല്‍കി.

നിയമങ്ങളുടെ വ്യാഖ്യാനം ജനങ്ങളുടെ അവകാശങ്ങളെയും ജീവിതത്തെയും ദുർ​ഗ്രഹമാകേണ്ടതില്ലെന്നും കോടതി

സ്‌കൂള്‍ രേഖയ്ക്ക് പകരം മറ്റ് ആധികാരിക രേഖ പരിശോധിച്ച് അനുമതിനല്‍കണമെന്നതടക്ക മുള്ള ആവശ്യമാണ് ഉന്നയിച്ചിരുന്നത്. എന്നാല്‍, പ്രായം കണക്കാക്കാന്‍ സ്‌കൂള്‍ രേഖയേ പരിഗണിക്കാനാകൂവെന്ന് ഡിവിഷന്‍ ബെഞ്ചും വിലയിരുത്തി. അതേസമയം 51 ആകുന്നതിന് മുന്‍പുള്ള മുഴുവന്‍ കാലയളവും ഉള്‍പ്പെടുന്നതാണ് 50 വയസ് പരിധിയെന്ന് വിലയിരുത്തി അപ്പീൽ അനുവദിച്ചു. നിയമങ്ങളുടെ വ്യാഖ്യാനം ജനങ്ങളുടെ അവകാശങ്ങളെയും ജീവിതത്തെയും നേരിട്ടുബാധിക്കുന്നതാണെന്നും അത് ദുർ​ഗ്രഹമാകേണ്ടതില്ലെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →