ഇംഫാൽ : സംഘർഷങ്ങൾ ഇടവേളകളില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ മണിപ്പൂരിലെ 5 ജില്ലകളില്‍ കർഫ്യൂ പ്രഖ്യാപിച്ചു.. 7 ജില്ലകളിലെ ഇന്റർനെറ്റ് നിരോധിച്ച സ്ഥിതിയിലാണ്. സമാധാനം പുനസ്ഥാപിക്കാൻ കർശന നടപടിയെടുക്കണമെന്ന് സുരക്ഷാസേനയ്ക്ക് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നല്‍കി. കലാപം ഉണ്ടാക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കാനും നിർദ്ദേശമുണ്ട്.
സുരക്ഷ സേനയ്ക്ക് നേരെ ആക്രമികള്‍ വെടിയുതിർത്തു
ബിഷ്ണുപുർ ജില്ലയിലെ വനമേഖലയിലാണ് സുരക്ഷാസേനയും അക്രമികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. സുരക്ഷ സേനയ്ക്ക് നേരെ ആക്രമികള്‍ വെടിയുതിർത്തു. 40 വട്ടം വെടി ഉതിർത്തതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഘർഷം തുടരുന്ന ജിരിബാമില്‍ നിന്ന് ഇന്ന് 6 മൃതദേഹങ്ങള്‍ കാടെടുത്തതായി സേന വൃത്തങ്ങള്‍ അറിയിച്ചു. കൈകുഞ്ഞ് ഉള്‍പ്പെടെ മൂന്ന് കുട്ടികളുടെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങള്‍ നദിയില്‍ നിന്നാണ് കണ്ടെടുത്തത് എന്നും സേന അറിയിച്ചു. അഴുകി തുടങ്ങിയ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി അസമിലെ സില്‍ച്ചാർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
3 എംഎല്‍എമാരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം നടന്നു
ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ കൊല്ലപ്പെട്ടവർ ആരാണെന്ന് സ്ഥിരീകരിക്കാൻ കഴിയു. മണിപ്പൂരില്‍ ഒരു കുടുംബത്തില്‍ നിന്ന് ആറുപേരെ വിഘടന വാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. മൃതദേഹങ്ങള്‍ ഇവരുടേതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ജിരിബാം ജില്ലയിലെ വിവിധ ഇടങ്ങളില്‍ പ്രതിഷേധമുണ്ടായി. 3 എംഎല്‍എമാരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം നടന്നു