തിരുവനന്തപുരം : മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇനി മുഖ്യമന്ത്രിയാണ് നടപടി സ്വീകരിക്കേണ്ടത്. ഐ എ എസു കാരന്റെ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി വര്‍ഗീയമായി പ്രവര്‍ത്തിക്കുകയും തെറ്റുമറയ്ക്കാന്‍ കളവ് പറയുകയും ചെയ്തു എന്ന ഗുരുതരമായ തെറ്റുകളാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരിക്കുന്നത്. ഫോണ്‍ ഹാക്ക് ചെയ്തു എന്നു പറഞ്ഞ ഗോപാലകൃഷ്ണന്‍ സ്വന്തം ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത ശേഷമാണ് പരിശോധനക്ക് പോലീസിനു കൈമാറിയിരുന്നത്.
ഹാക്കിങ് സ്ഥികരിക്കാന്‍ കഴിഞ്ഞില്ലെന്ന് തിരുവനന്തപുരം സിറ്റി പോലിസ്
ഫോറന്‍സിക് പരിശോധനയിലോ മെറ്റയുടെ വിശദീകരണത്തിലോ ഹാക്കിങ് സ്ഥികരിക്കാന്‍ കഴിഞ്ഞില്ലെന്ന് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്ത് കൈമാറിയതിനാല്‍ തെളിവ് കണ്ടെത്താനായില്ലെന്ന പോലീസ് കണ്ടെത്തല്‍ ഗോപാലകൃഷ്ണന് തിരിച്ചടിയായി.വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഇപ്പോള്‍ സജീവമല്ലാത്തിനാല്‍ ഹാക്കിങ് നടന്നിട്ടുണ്ടോ എന്ന് പറയാനാകില്ലെന്ന് മെറ്റയും വിശദീകരണം നല്‍കിയിരുന്നു.
പൊലീസ് റിപ്പോര്‍ട്ട് കുരുക്കായി
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തില്‍ പൊലീസ് റിപ്പോര്‍ട്ട് കെ ഗോപാലകൃഷ്ണന് കുരുക്കായി.പോലിസ് റിപ്പോര്‍ട്ടിന് ശേഷം ചീഫ് സെക്രട്ടറി ഗോപാലകൃഷ്ണനോട് വിശദീകരണം തേടി. ഹാക്കിങ് അല്ലെന്ന് തെളിയുന്നതോടെ ഗോപാലകൃഷണന്‍ തന്നെ ഗ്രൂപ്പുകളുണ്ടാക്കിയെന്നു വ്യക്തമായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ വേര്‍തിരിച്ച് ഗ്രൂപ്പുണ്ടാക്കിയത് സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമായതിനാല്‍ നടപടി വേണമെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്