ഇംഫാൽ : പതിനെട്ടു മാസം പിന്നിട്ട മണിപ്പുർ സംഘർഷം പരിഹാരമില്ലാതെ തുടരുന്നതിനിടെ, മെയ്തെയ്കളായ 20 വിദ്യാർഥികളെ സൈനിക ചെലവില്‍ ഡല്‍ഹിയിലെത്തിച്ചു രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്കൊരുക്കിയതു വിവാദമായി.”ഓപ്പറേഷൻ സദ്ഭാവന’യുടെ കീഴില്‍ ഇന്ത്യൻ ആർമിയുടെ സ്പിയർ കോർപ്സ് സംഘടിപ്പിച്ച പത്തു ദിവസത്തെ വിദ്യാഭ്യാസപര്യടനത്തിന്‍റെ ഭാഗമായിരുന്നു വിദ്യാർഥികളുടെ സന്ദർശനം.
കുക്കികളെ ഒഴിവാക്കിയതെന്തെന്ന ചോദ്യത്തിന് ഉത്തരമില്ല.
ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കാനും ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരവും ചരിത്രവും തുറന്നുകാട്ടി വിദ്യാർഥികളുടെ ചക്രവാളങ്ങള്‍ വിശാലമാക്കാനുമാണ് പര്യടനം ലക്ഷ്യമിടുന്നതെന്ന് സൈനിക വക്താവ് അറിയിച്ചു. എന്നാല്‍, മണിപ്പുരില്‍നിന്നുള്ള വിദ്യാർഥിസംഘത്തില്‍ കുക്കികളെ ഒഴിവാക്കിയതെന്തെന്ന ചോദ്യത്തിന് ഉത്തരമില്ലെന്ന് കുക്കി വിദ്യാർഥിസംഘടനകള്‍ ചൂണ്ടിക്കാട്ടി. ഒരു വിഭാഗത്തെ ഒഴിവാക്കിയാല്‍ ദേശീയോദ്ഗ്രഥനമാകുന്നതെങ്ങനെയെന്നാണ് കുക്കികള്‍ ചോദിച്ചത്.
വിദ്യാർഥികള്‍, മുർമുവിനോടൊപ്പം ഫോട്ടോയെടുത്തു.
.മെയ്തെയ് ഭൂരിപക്ഷ മേഖലകളായ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ആന്ദ്രോ, അംഗ്ത, യാംബെം, തൗബാല്‍ ജില്ലയിലെ യാരിപോക്ക് എന്നീ ഗ്രാമങ്ങളില്‍നിന്നുള്ള വിദ്യാർഥികള്‍ക്കാണു രാഷ്‌ട്രപതിഭവനില്‍ സന്ദർശനത്തിന് അവസരമൊരുക്കിയത്. രാഷ്‌ട്രപതിക്കു മെമന്‍റോ സമ്മാനിച്ച വിദ്യാർഥികള്‍, മുർമുവിനോടൊപ്പം ഫോട്ടോയുമെടുത്തു.
രാജ്യത്തിന്‍റെ പൈതൃകത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ വർധിപ്പിക്കും
ഡല്‍ഹിയിലെ സന്ദർശനത്തിനുശേഷം, വിദ്യാർഥികളുടെ സംഘം ആഗ്ര, ലക്നോ എന്നിവിടങ്ങള്‍ സന്ദർശിക്കും. രാജ്യത്തിന്‍റെ പൈതൃകത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ വർധിപ്പിക്കുന്നതിന് ആഗ്ര, ലക്നോ സന്ദർശനം ഉപകരിക്കുമെന്ന് മണിപ്പുർ, നാഗാലാൻഡ്, തെക്കൻ അരുണാചല്‍ പ്രദേശ് എന്നീ മേഖലകളുടെ ചുമതലയുള്ള പ്രതിരോധ മന്ത്രാലയ വക്താവ് അവകാശപ്പെട്ടു. നവംബർ 12 ചൊവ്വാഴ്ച സംഘം ഇംഫാലില്‍ മടങ്ങിയെത്തും.