ഡല്‍ഹി: ദെപ്‌സാംഗ്, ദെംചോക്ക് മേഖലകളില്‍ ഇന്ന് ദീപാവലി മധുരം വിതരണം ചെയ്യും. നാലുവർഷത്തെ സംഘർഷത്തിന് അറുതിവരുത്തി ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിച്ച ഈ മേഖലകളിൽ ഉടൻ പട്രോളിംഗ് ആരംഭിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
രണ്ടുമേഖലകളിലും യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് ഇരുവശവും സൈന്യത്തെ പിൻവലിച്ചത് ഇരുപക്ഷവും പരസ്‌പരം പരിശോധിക്കുകയാണ്. നടപടികള്‍ പൂർത്തിയായ ശേഷം ഗ്രൗണ്ട് കമാൻഡർമാർ ചർച്ച ചെയ്‌ത് പട്രോളിംഗ് തീരുമാനിക്കും. ഇതില്‍ സുപ്രധാന ധാരണകളില്‍ എത്തിയെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെയ്‌ഹോങ് കൊല്‍ക്കത്തയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സേനാ പിൻമാറ്റം സുഗമമായി പുരോഗമിക്കുകയാണ്.
കരാർ പ്രകാരമുള്ള സേനാ പിൻമാറ്റം നടക്കുന്നുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഒക്ടോബർ 25 വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. സേനാ പിൻമാറ്റം സുഗമമായി പുരോഗമിക്കുകയാണെന്ന് പിന്നീട് ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാനും പറഞ്ഞു.
റഷ്യയില്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഷി ജിൻപിംഗും തമ്മില്‍ ഉണ്ടാക്കിയ സുപ്രധാന ധാരണകള്‍ കൂടുതല്‍ വികസിപ്പിച്ച് ഭാവിയില്‍ ബന്ധം സുഗമമാക്കുമെന്നും ഫെയ്‌ഹോങ് പറഞ്ഞു.
ഇരു നേതാക്കളുടെയും കൂടിക്കാഴ്ച മികച്ച മാതൃക.
അയല്‍രാജ്യങ്ങള്‍ എന്ന നിലയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. അതെങ്ങനെ കൈകാര്യം ചെയ്യണമെന്നത് പ്രധാനമാണ്. ഇക്കാര്യത്തില്‍ ഇരു നേതാക്കളുടെയും കൂടിക്കാഴ്ച മികച്ച മാതൃകയാണ്. ഡല്‍ഹി-ബെയ്‌ജിംഗ് വിമാന സർവീസ് പുന:രാരംഭിക്കുന്നത് അടക്കം സൗഹൃദ നടപടികളും പ്രതീക്ഷിക്കുന്നതായി അംബാസഡർ പറഞ്ഞു. 2021ല്‍ ഗാല്‍വൻ സംഘർഷത്തെ തുടർന്നാണ് വിമാന സർവീസ് റദ്ദാക്കിയത്.
അതിർത്തിയിലെ പിരിമുറുക്കം കുറയുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് യുഎസ്
ഇന്ത്യ-ചൈന സേനാപിൻമാറ്റത്തെ സ്വാഗതം ചെയ്‌ത് യു.എസ്. അതിർത്തിയിലെ പിരിമുറുക്കം കുറയുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇന്ത്യയുമായി ഇക്കാര്യം ചർച്ച നടത്തും. സേനാ പിൻമാറ്റത്തില്‍ യുഎസ് ഒരു പങ്കും വഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
