ദില്ലി: ജമ്മു കശ്മീരിലെ ഗുല്‍മാർഗ് സെക്ടറില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാൻ ഭീകരരെന്ന് പ്രതിരോധ വക്താവ്. നാഗിൻ പോസ്റ്റിന് സമീപം നടന്ന ഭീകരാക്രമണത്തില്‍ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് നാട്ടുകാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മൂന്ന് സൈനികർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. . റൈഫിള്‍മാൻ കൈസർ അഹമ്മദ് ഷാ, റൈഫിള്‍മാൻ ജീവൻ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മുഷ്താഖ് ചൗധരി, സഹൂർ അഹമ്മദ് മിർ എന്നിവർ ചുമട്ടുതൊഴിലാളികളായിരുന്നു
സൈന്യം ശക്തമായി തിരിച്ചടിച്ചു.
2024 ഒക്‌ടോബർ 24നാണ് ബോട്ടപത്രി മേഖലയില്‍ സൈനിക വാഹനത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടന്നത്. കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കുക, പ്രദേശവാസികളില്‍ ഭീതി ജനിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് പ്രതിരോധ വക്താവ് വ്യക്തമാക്കി. സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തതിന് പിന്നാലെ സൈന്യം ശക്തമായി തിരിച്ചടിച്ചു.
ഭീകരർ വനത്തിലേയ്ക്ക് ഓടിക്കയറി രക്ഷപ്പെട്ടു.
ഇതോടെ ആയുധങ്ങള്‍ ഉപേക്ഷിച്ച് ഭീകരർ വനത്തിലേയ്ക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. വെളിച്ചക്കുറവിന്റെ ആനുകൂല്യം മുതലെടുത്തായിരുന്നു ഭീകരരുടെ ആക്രമണമെന്ന് ശ്രീനഗറിലെ പ്രതിരോധ വക്താവ് അറിയിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ പിഎഎഫ്‌എഫ് ഏറ്റെടുത്തിരുന്നു
