കല്‍ക്കത്ത: .ഒഡീഷയിലെ പുരിക്കും സാഗർ ദ്വീപിനും ഇടയിലായി , തീവ്രചുഴലിക്കാറ്റായി മാറിയ “ദാന” തീരം തൊട്ടു. 2024 ഒക്ടോബർ 25 ന് പുലർച്ചയോടെയായിരിക്കും ദാന പൂർണ്ണമായും തീരത്തേക്ക് എത്തുക. മണിക്കൂറില്‍ 120 കിലോ മീറ്റർ വരെ വേഗതയില്‍ കാറ്റ് വീശിയടിച്ചേക്കും. പശ്ചിമബംഗാള്‍, ഓഡീഷ തീരങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ദാന കൂടുതലായി തീരത്തേക്ക് എത്തുന്നതോടെ കാറ്റും മഴയും ശക്തമായേക്കും.
പത്ത് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു.
ചുഴലിക്കാറ്റിനെ നേരിടാന്‍ വലിയ മുന്നൊരുക്കങ്ങളാണ് രണ്ട് സംസ്ഥാനങ്ങളിലുമായി നടന്നത്. ഏകദേശം പത്ത് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. കൊല്‍ക്കത്ത വിമാനത്താവളം 26 ന് രാവിലെ 9 വരെ അടച്ചിടുകയും മൂന്നോറോളം ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് വിലയിരുത്തി. ഓഡീഷ് മുഖ്യമന്ത്രിയോട് ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
ഏത് സാഹചര്യവും നേരിടാൻ തൻ്റെ സർക്കാർ തയ്യാറാണെന്ന് ഒഡീഷ മുഖ്യമന്ത്രി.
കനത്ത മഴയ തുടരുന്നതിനാല്‍ ഒഡീഷയിലെ 16 ജില്ലകളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ ഏത് സാഹചര്യവും നേരിടാൻ തൻ്റെ സർക്കാർ തയ്യാറാണെന്നും നഷ്ടങ്ങള്‍ ലഘൂകരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മോഹൻ ചരണ്‍ മാജി വ്യക്തമാക്കി. “സാഹചര്യം നേരിടാൻ ഞങ്ങള്‍ തയ്യാറാണ്. ഹിരാക്കുഡ് റിസർവോയറിലെയും മറ്റ് സ്ഥലങ്ങളിലെയും ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു, “മുഖ്യമന്ത്രി പറഞ്ഞു.
സുരക്ഷാ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും വിന്യസിച്ചു
സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും ദുരന്ത നിവാരണ പ്രവർത്തനങ്ങള്‍ സർക്കാർ വിലയിരുത്തിയതായി ഒഡീഷ ചീഫ് സെക്രട്ടറി മനോജ് അഹൂജയും പറഞ്ഞു. “6 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും ഇവരെയെല്ലാം താല്‍ക്കാലിക ഷെല്‍ട്ടറുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു, ടെലികമ്മ്യൂണിക്കേഷനും 26 വരെ റദ്ദാക്കി. സുരക്ഷാ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍. നിരവധി മുതിർന്ന ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും മുഖ്യമന്ത്രി വിന്യസിച്ചിട്ടുണ്ട്.,” അഹൂജ പറഞ്ഞു.
കേരളത്തിലും മഴ, ശക്തമായ കാറ്റിനും സാധ്യത
ദാന ചുഴലിക്കാറ്റ് കാരണം കേരളത്തിലും ശക്തമായ മഴ ലഭിക്കും. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പുലർച്ചെ ഒരുമണിക്ക് പുറത്തുവിട്ട അറിയിപ്പില്‍ വ്യക്തമാക്കുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മഞ്ഞ അലർട്ട് മുന്നറിയിപ്പുമുണ്ട്