പാമ്പുകടിയേറ്റുള്ള മരണം പൂർണമായി ഇല്ലാതാക്കുകയാണു ലക്ഷ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം:പാമ്പുകടിയേറ്റ് മനുഷ്യജീവൻ നഷ്ടമാകുന്ന സംഭവം ഇല്ലാതാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ അടിയന്തര നടപടി സ്വീകരിക്കുന്നതിന് ബോർഡിന്‍റെ അംഗീകാരം ലഭിച്ചു. അടുത്ത അഞ്ചുവർഷത്തിനുള്ളില്‍ പാമ്പുകടിയേറ്റുള്ള മരണം പൂർണമായി ഇല്ലാതാക്കുകയാണു ലക്ഷ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.

മനുഷ്യ-വന്യമൃഗ സംഘർഷം മൂലമുള്ള ജീവഹാനി നേർപകുതിയിലേക്ക് എത്തിക്കും

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് സംസ്ഥാനം സമ്പൂർണനയം രൂപീകരിക്കുന്നതിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തില്‍ തീരുമാനമായി.കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യം കുറയ്ക്കുന്നതിന് പ്രത്യേക പരിഗണന നല്‍കും. മനുഷ്യ-വന്യമൃഗ സംഘർഷം മൂലമുള്ള ജീവഹാനി നേർപകുതിയിലേക്ക് എത്തിക്കാൻ സാധിക്കും. ഇക്കാര്യത്തില്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കും. ആരോഗ്യകേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ആന്‍റിവെനം ലഭ്യമാക്കുന്നതിനും തൊഴിലുറപ്പ് തൊഴിലാളികള്‍ അടക്കമുള്ളവർക്ക് സംരക്ഷണ ഉപകരണങ്ങള്‍ ലഭ്യമാക്കും. പ്രാഥമിക ശുശ്രൂഷ നല്‍കാൻ ആശാ വർക്കർമാരെ പരിശീലിപ്പിക്കും

ദേശീയ വന്യജീവി ബോർഡ് യോഗത്തിലെ തീരുമാനങ്ങള്‍ വിലയിരുത്തി.

ഏയ്ഞ്ചല്‍വാലി-പമ്പാവാലി ജനവാസമേഖല പെരിയാർ കടുവാസങ്കേതത്തിന്‍റെ പരിധിയില്‍നിന്നും തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ജനവാസ മേഖലകള്‍ പക്ഷിസങ്കേതത്തില്‍നിന്നും ഒഴിവാക്കുന്നതിലേക്ക് കഴിഞ്ഞ സംസ്ഥാന വന്യജീവി ബോർഡിന്‍റെ ശിപാർശയ്ക്ക് അനുസൃതമായി ദേശീയ വന്യജീവി ബോർഡ് യോഗത്തിലെ തീരുമാനങ്ങള്‍ വിലയിരുത്തി. സൈറ്റ് ഇൻസ്പെ‌ക്‌ഷൻ നടത്തുന്നതിനൊപ്പം ജനപ്രതിനിധികള്‍ക്കും പ്രദേശവാസികള്‍ക്കും തങ്ങളുടെ പക്ഷം അവതരിപ്പിക്കാൻ അവസരം നല്‍കും.

മഞ്ഞക്കൊന്ന നീക്കം ചെയ്യുന്നതിനുള്ള അനുമതിക്കായി ഹൈക്കോടതിയെ വനംവകുപ്പ് സമീപിക്കും.

വയനാട് വന്യജീവി സങ്കേതത്തില്‍നിന്ന് അധിനിവേശ കളസസ്യമായ മഞ്ഞക്കൊന്ന (സെന്ന) നീക്കം ചെയ്യുന്നതിനുള്ള അനുമതിക്കായി ഹൈക്കോടതിയെ വനംവകുപ്പ് സമീപിക്കും. ടൈഗർ കണ്‍സർവേഷൻ ഫൗണ്ടേഷനുകളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയ നടപടി പുനഃപരിശോധിക്കുന്നതിനും അവയെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കുന്നതിനുമുള്ള ശിപാർശ ധനവകുപ്പമായി ചർച്ച ചെയ്ത് കേന്ദ്ര വന്യജീവി ബോർഡിന് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

വളർത്തുമൃഗങ്ങളുടെ രജിസ്ട്രേഷന് അനുവദിച്ച സമയം ആറ് മാസത്തേക്ക് നീട്ടിക്കിട്ടുന്നതിന് ദേശീയ വന്യജീവി ബോർഡിന്‍റെ അനുമതിക്കായി ശിപാർശ ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →