ദില്ലി :മഞ്ഞുമൂടിയ പ്രദേശങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിനായുള്ള റഷ്യൻ ഐസ്ബ്രേക്കർ കപ്പലുകളുടെ നിർമാണ കരാർ സ്വന്തമാക്കി ഇന്ത്യ. റഷ്യയ്‌ക്കായി നാല് ആണവേതര ഐസ് ബ്രേക്കർ കപ്പലുകള്‍ നിർമ്മിക്കാനുള്ള 6,000 കോടി രൂപയുടെ കരാറാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. റഷ്യയുടെ നോർത്തേണ്‍ സീ റൂട്ട് (എൻഎസ്‌ആർ) വികസന പദ്ധതിയുടെ ഭാഗമായാകും നാല് ഐസ്ബ്രേക്കർ കപ്പല്‍ നിർമിക്കുക.
വടക്കൻ യൂറോപ്പിനും കിഴക്കൻ ഏഷ്യയ്‌ക്കും ഇടയില്‍ വേഗത്തിലുള്ള ഗതാഗതം
ഇന്ത്യയുടെ മാരിടൈം എഞ്ചിനീയറിംഗ് വൈദഗ്ധ്യം ലോകരാജ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണിത്. ആർട്ടിക് പ്രദേശത്താണ് ഐസ്ബ്രേക്കർ കപ്പലുകളുടെ ആവശ്യകതയുള്ളത്. വെള്ളത്തിലെ പ്രതിസന്ധികളെയും ദുരന്തങ്ങളെയും പ്രതിരോധിക്കുന്നതില്‍ നിർണായക പങ്ക് വഹിക്കുന്ന ഐസ്ബ്രേക്കറുകള്‍ ഇന്തോ-പസഫിക് മേഖലയില്‍ സാന്നിധ്യം വിപുലീകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കും ഊർജ്ജം പകരുന്നവയാണ്. വടക്കൻ യൂറോപ്പിനും കിഴക്കൻ ഏഷ്യയ്‌ക്കും ഇടയില്‍ പരമ്ബരാഗത സൂയസ് കനാല്‍ റൂട്ടിനേക്കാള്‍ വേഗത്തിലുള്ള ഗതാഗതം നോർത്തേണ്‍ സീ റൂട്ട് വഴി സാധിക്കും
2030 മുതല്‍ പ്രതിവർഷം കുറഞ്ഞത് 150 ദശലക്ഷം ടണ്‍ അസംസ്‌കൃത എണ്ണ, ദ്രവീകൃത പ്രകൃതി വാതകം, കല്‍ക്കരി, മറ്റ് ചരക്കുകള്‍ എന്നിവ വടക്കൻ കടല്‍ റൂട്ട് വഴി വഹിക്കാൻ സാധിക്കുമെന്നാണ് റഷ്യൻ സർക്കാരിന്റെ വിലയിരുത്തല്‍. 50-ലേറെ ഐസ്ബ്രേക്കറുകളും ഐസ് ക്ലാസ് കപ്പലുകളും നിർമിക്കാനാണ് റഷ്യ പദ്ധതിയിടുന്നത്.