തിരുവനന്തപുരം: ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തുന്നതിലൂടെ ബി.ജെ.പിക്ക് ഇടമുണ്ടാക്കിക്കൊടുക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശബരിമല വിഷയം നിയമസഭയില്‍ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് ചട്ടങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും ലംഘനമാണ് സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത്. ഒക്ടോബർ 15 ന് നിയമസഭ മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി
സ്‌പോര്‍ട്ട് ബുക്കിങ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നല്‍കിയ സബ്മിഷന് കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി മറുപടി നല്‍കിയതാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്വീകരിച്ച നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നാണ് ദേവസ്വം മന്ത്രി അന്ന് മറുപടി നല്‍കിയത്. പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരും.
എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെങ്കില്‍ എന്തിനാണ് ഓണ്‍ലൈന്‍ ബുക്കിംഗ്
കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് 90000 പേര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗും 15000 പേര്‍ക്ക് സ്‌പോര്‍ട് ബുക്കിംഗും നല്‍കിയിട്ടും ദര്‍ശനം കിട്ടാതെ നിരവധി പേരാണ് മാല അഴിച്ച് മടങ്ങിയത്. ഇതൊക്കെ പഠിച്ചിട്ടു വേണ്ടേ മുഖ്യമന്ത്രി യോഗത്തിനു പോകേണ്ടത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുപോലൊരു തീരുമാനം എടുക്കാന്‍ പാടില്ലത്തതാണ്. .അയല്‍ സംസ്ഥാനങ്ങളിലെ വിദൂര ഗ്രാമങ്ങളില്‍ നിന്നും 41 ദിവസം വ്രതം അനുഷ്ടിച്ച് മണ്ഡലകാലത്തും മകര വിളക്കിനും എത്തുന്ന പാവങ്ങള്‍ എവിടെയാണ് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തേണ്ടത്. നഗ്ന പാദരായി എത്തുന്നവര്‍ക്കു വരെ മടങ്ങിപ്പോകേണ്ട സ്ഥിതിയാണ്. ഇപ്പോള്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയിലും വ്യക്തതയില്ല. എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് ഓണ്‍ലൈന്‍ ബുക്കിംഗ്
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എടുത്ത തെറ്റായ തീരുമാനം തിരുത്തണം.
വിഷയം വഷളാകരുതെന്ന് കരുതിയാണ് പ്രതിപക്ഷം സബ്മിഷന്‍ നല്‍കിയത്. എന്നാല്‍ അന്നും മുഖ്യമന്ത്രി ബലം പിടിച്ചു നിന്നു. കാരണം പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം ഇരുമ്പുലക്കയാണല്ലോ. അവ്യക്തത മാറ്റി മുഴുവന്‍ ഭക്തര്‍ക്കും ദര്‍ശനത്തിന് സൗകര്യം ഒരുക്കണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എടുത്ത തെറ്റായ തീരുമാനം തിരുത്തണം.
