തിരുവനന്തപുരം: തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിൽ ആരംഭിച്ച അത്യാധുനിക ത്രീഡി മാപ്പിംഗ് സംവിധാനത്തോടുകൂടിയ ഇലക്‌ട്രോ ഫിസിയോളജി ലാബിന്റെ ഉദ്ഘാടനം ഒക്ടോബർ 10 ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് നിർവഹിച്ചു.എൻജിനീയറിംഗും മെഡിസിനും തമ്മിലുള്ള അന്തരം അനുദിനം കുറഞ്ഞുവരികയാണെന്നും ആഗോളതലത്തില്‍ രോഗനിർണയത്തിലും ചികിത്സയിലും മെഷീൻ ലേണിംഗിന്റെയും ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെയും തത്വങ്ങള്‍ പ്രയോഗിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും ഡോ. എസ്. സോമനാഥ് പറഞ്ഞു.
കാർഡിയാക് ഇലക്‌ട്രോഫിസിയോളജി ക്രമം തെറ്റിയ ഹൃദയമിടിപ്പ് കണ്ടുപിടിക്കാൻ
ഹൃദയത്തിന്റെ വൈദ്യുത പ്രവർനത്തെയും ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്ന വൈദ്യുത പ്രവാഹങ്ങളെയും പറ്റിയുള്ള കാർഡിയോളജിയിലെ ഒരു പഠന മേഖലയാണ് കാർഡിയാക് ഇലക്‌ട്രോഫിസിയോളജി (ഇപി). ക്രമം തെറ്റിയ ഹൃദയമിടിപ്പ് കണ്ടുപിടിക്കാനും അത് ചികിത്സിക്കുവാനും ഇലക്‌ട്രോഫിസിയോളജി പഠനം സഹായിക്കും. രക്തക്കുഴലുകള്‍ വഴി കത്തീറ്ററുകളും വയർ ഇലക്‌ട്രോഡുകളും ഹൃദയത്തിലേക്കെത്തിച്ചാണ് ഈ പരിശോധനകള്‍ നടത്തുക.
ഇലക്‌ട്രോഫിസിയോളജി വിഭാഗം ആൻഡ് ഹാർട്ട് ഫെയിലിയർ ക്ലിനിക്ക് സീനിയർ കണ്‍സള്‍ട്ടന്റ് ഡോ. അനീസ് താജുദീൻ വിശദീകരണം നടത്തി. കിംസ്‌ഹെല്‍ത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള അദ്ധ്യക്ഷനായി. ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വരുണ്‍ ഖന്ന, കിംസ്‌ഹെല്‍ത്ത് സഹസ്ഥാപകൻ ഇ.എം. നജീബ്, ഹൃദ്രോഗ വിഭാഗം സീനിയർ കണ്‍സള്‍ട്ടന്റ് ഡോ. അജിത് കുമാർ വി.കെ എന്നിവർ സംസാരിച്ചു
