കൊച്ചി : മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാർത്ഥിയായ മൂന്നര വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു.ഗുജറാത്തി വിഭാഗം നടത്തുന്ന സ്മാർട്ട് കിഡ് എന്ന പ്ലേ സ്കൂളിലെ അധ്യാപികയായ സീതാലക്ഷ്മിയെ ആണ് അറസ്റ്റ് ചെയ്തത്. . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടു. രണ്ടുമാസം മുൻപാണ് സീതാലക്ഷ്മി അധ്യാപികയായി സ്കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്.
കുഞ്ഞിനെ മർദിച്ചത് ഹോം വർക്ക് ചെയ്യാത്തതിന്
ഹോം വർക്ക് ചെയ്യാത്തതിനാണ് കുഞ്ഞിനെ ചൂരല്‍ ഉപയോഗിച്ച് മർദിച്ചതെന്ന് അധ്യാപിക പൊലീസിന് മൊഴി നല്‍കി. കൊച്ചി മട്ടാഞ്ചേരി പാലസ് റോഡിലെ സ്വകാര്യ പ്ലേ സ്കൂളില്‍ 2024 ഒക്ടോബർ 10 നാണ് ദാരുണ സംഭവമുണ്ടായത്.
രക്ഷിതാക്കള്‍ മട്ടാഞ്ചേരി പൊലീസില്‍ പരാതി നല്‍കി
ഹോം വർക്ക് ചെയ്യാത്തത് ചോദ്യം ചെയ്‌തായിരുന്നു മർദനം. അധ്യാപികയായ സീതാലക്ഷ്മി കുട്ടിയെ ചൂരല്‍ കൊണ്ട് പലകുറി അടിച്ചു. വൈകിട്ട് വീട്ടില്‍ എത്തിയ ശേഷം കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. പിന്നാലെ രക്ഷിതാക്കള്‍ മട്ടാഞ്ചേരി പൊലീസില്‍ പരാതി നല്‍കി. ജുവനൈല്‍ ആക്‌ട് പ്രകാരം കേസെടുത്ത പൊലീസ് സീതാലക്ഷ്മിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
