തിരുവനന്തപുരം: പിൻവാതില്‍ നിയമനത്തിലൂടെ പിണറായി സർക്കാർ പതിനായിരങ്ങളെ നിയമിച്ചപ്പോള്‍ പിഎസ്‌സിയുടെ സിപിഒ റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരനു പോലും ജോലി നല്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ . സംസ്ഥാനത്ത് പൊതുമേഖലയില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നില്ലെന്നാരോപിച്ച് പി.സി. വിഷ്ണുനാഥ് നല്കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിനെ തുടർന്നുള്ള വാക്കൗട്ട് പ്രസംഗത്തിലാണ് പ്രതിപക്ഷനേതാവ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. സംസ്ഥാനത്തു നടക്കുന്നത് പിൻവാതില്‍ നിയമനമാണെന്നും ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യരുതെന്ന് വകുപ്പുകള്‍ക്ക് സർക്കാർ വാക്കാല്‍ നിർദേശം നല്കിയെന്നുമാരോപിച്ച പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
അട്ടിമറിക്കപ്പെടുന്നത് പിന്നാക്ക വിഭാഗങ്ങളുടെ സംവരണം
സർക്കാർ രാഷ്ട്രീയ ദുഷ്ടലാക്കോടെ സ്വന്തക്കാരെ തിരുകിക്കയറ്റുന്പോള്‍ അട്ടിമറിക്കപ്പെടുന്നത് പിന്നാക്ക വിഭാഗങ്ങളുടെ സംവരണമാണ്.20 ലക്ഷത്തോളം പേർ ഇതരസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്ക് വരികയാണെന്നും കേരളം തൊഴിലിന്‍റെ പറുദീസയാണെന്നുമാണ് ധനമന്ത്രി പറഞ്ഞത്. ഇവിടെ സാമ്പത്തികനില ഭദ്രമാണ്. ഇവിടത്തെ തൊഴില്‍മേഖലയും ഭദ്രമാണെന്നാണ് മന്ത്രി പറയുന്നത്.
സംസ്ഥാനത്തിന്‍റെ സാമ്പത്തികനില ഭദ്രമാണെന്നു പറഞ്ഞാല്‍ ധനകാര്യമന്ത്രിയുടെ കൂടെ ഇരിക്കുന്ന മന്ത്രിമാർ ഉള്ളിലെങ്കിലും പരിഹസിച്ച് ചിരിക്കും. അഞ്ചു ലക്ഷത്തിനു മുകളിലുള്ള ചെക്കുകള്‍ ട്രഷറിയില്‍ മാറില്ല. അഞ്ച് ലക്ഷത്തിന് താഴെയുള്ള ചെക്കുകള്‍ ട്രഷറിയില്‍ നല്കിയാല്‍ അത് വാങ്ങിവയ്ക്കും. പക്ഷേ പണം നല്കില്ലാത്ത സ്ഥിതിയാണെന്നും സതീശൻ കുറ്റപ്പെടുത്തി. സാമ്പത്തികനില ഭദ്രമാണെങ്കില്‍ വകുപ്പ് മന്ത്രിമാർ അവരവരുടെ വകുപ്പുകളിലേക്ക് പോസ്റ്റ് ക്രിയേറ്റ് ചെയ്യാൻ നല്‍കിയ ശിപാർശയില്‍ ധനവകുപ്പ് തീരുമാനം എടുക്കാത്തത് എന്താണ്.
അധ്യാപക നിയമനം നടക്കുന്നില്ല
ആശുപത്രികളില്‍ പോലും ആവശ്യത്തിന് ജീവനക്കാരില്ല. 10 നിലയുള്ള സ്കൂള്‍ കെട്ടിടത്തിന്‍റെ ലിഫ്റ്റില്‍ കുട്ടികള്‍ കളിക്കുകയാണെന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. കെട്ടിടമുണ്ടായാലും ലിഫ്റ്റില്‍ കളിച്ചാലും മതിയോ. അവിടെ അധ്യാപകരുടെ നിയമനം നടക്കുന്നില്ല.സ്കൂളുകളിലെ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യുന്നില്ല. സ്റ്റാഫ് ഫിക്സേഷൻ നടക്കുന്നില്ല. ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യരുതെന്നാണ് സർക്കാർ വാക്കാല്‍ നിർദേശം നല്‍കിയിരിക്കുന്നത്. ധനകാര്യവകുപ്പില്‍ ഈ വർഷം 27 പേർ റിട്ടയർ ചെയ്തിട്ടും 10 ഒഴിവുകള്‍ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
സിവില്‍ പോലീസ് ഓഫീസർമാരുടെ റാങ്ക് ലിസ്റ്റ് വന്നിട്ട് ഏഴു മാസം
പോലീസ് സേനയില്‍ 87 പേർ ആത്മഹത്യ ചെയ്ത കാര്യം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍ ജോലി സമ്മർദം കുറയ്ക്കുമെന്നും വേക്കൻസികള്‍ റിപ്പോർട്ട് ചെയ്യുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ സിവില്‍ പോലീസ് ഓഫീസർമാരുടെ റാങ്ക് ലിസ്റ്റ് വന്ന് ഏഴു മാസമായിട്ടും ഒന്നാം റാങ്കുകാരനു പോലും നിയമനം നല്‍കിയിട്ടില്ല.
സർക്കാർ എന്തു തൊഴിലാണ് നല്‍കുന്നത്
പരീക്ഷയും അഭിമുഖവും ഉള്‍പ്പെടെ അഞ്ച് കടമ്പകള്‍ കടന്നാണ് ഉദ്യോഗാർഥികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. എന്നിട്ടും ഒന്നാം റാങ്കുകാരനു പോലും ജോലി നല്‍കാൻ കഴിഞ്ഞില്ലെങ്കില്‍ പിന്നെ സർക്കാർ എന്തു തൊഴിലാണ് നല്‍കുന്നത്. കുട്ടികള്‍ സമരം ചെയ്യുന്നതിനെ പരിഹസിക്കുകയാണോ വേണ്ടത്. നേരത്തേ സമരം നടന്നപ്പോള്‍ വലിയ ലിസ്റ്റ് വരുന്നതാണ് പ്രശ്നമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ ലിസ്റ്റ് പത്തില്‍ ഒന്നാക്കിയിട്ടും ഒരാള്‍ക്കു പോലും നിയമനം നല്‍കാൻ സാധിക്കുന്നില്ല. അതിനെ എങ്ങനെയാണ് ന്യായീകരിക്കുന്നതെന്നും സതീശൻ ചോദിച്ചു.
ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു.
യുഡിഎഫ് ഭരിക്കുമ്പോള്‍ കെഎസ്‌ആർടിസിയിൽ 47,000 ജീവനക്കാരുണ്ടായിരുന്നത് ഇപ്പോള്‍ 23,000 ആയി. വാട്ടർ അഥോറിറ്റിയിലും വൈദ്യുതി ബോർഡിലും ജീവനക്കാരുടെ എണ്ണം കുറഞ്ഞു. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ്. നിരവധി ദശാബ്ദമായി കേരളത്തില്‍ ഉണ്ടായിരുന്ന തൊഴിലവസരങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. റബർ കൃഷിയില്‍ നിന്നും കർഷകർ പിൻമാറിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
രാജ്യത്ത് പബ്ലിക് സർവീസ് കമ്മീഷൻ മുഖാന്തിരം ഏറ്റവുമധികം നിയമനം നടത്തിയ സംസ്ഥാനം കേരളമാണെന്നു ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാല്‍ പറഞ്ഞു. രാജ്യത്തെ ആകെ പിഎസ്‌സി നിയമനങ്ങളില്‍ 60 ശതമാനവും നടത്തിയത് കേരളമാണ്. അടിയന്തരപ്രമേയം ചർച്ചയ്ക്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.