റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഞ്ചേശ്വരം കോഴക്കേസില്‍ പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും വീഴ്ച സംഭവിച്ചതായി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

October 8, 2024 - 7:03 am

കാസര്‍ഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതിയായിരുന്ന മഞ്ചേശ്വരം കോഴക്കേസില്‍ പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും ഗുരുതര വീഴ്ച സംഭവിച്ചതായി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കുറ്റപത്രം സമര്‍പ്പിച്ചത് കാലാവധി കഴിഞ്ഞാണെന്നും കെ.സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചതിനു തെളിവില്ലെന്നും വിധിപ്പകര്‍പ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതേത്തുടര്‍ന്ന് വിചാരണയിലേക്കുപോലും കടക്കാതെ കേസ് കോടതി തള്ളുകയായിരുന്നു. സംസ്ഥാന രാഷ്‌ട്രീയത്തില്‍ ബിജെപിക്കെതിരേയുള്ള സിപിഎമ്മിന്‍റെയും യുഡിഎഫിന്‍റെയും ആയുധമായിരുന്നു ഈ കേസ്. എന്നാല്‍ ബിജെപിയും സിപിഎമ്മും ഒത്തുകളിച്ചാണു മഞ്ചേശ്വരം കോഴക്കേസില്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതെന്ന ആരോപണം ഉയരുന്നതിനിടയിലാണ് പോലീസിനു വീഴ്ച സംഭവിച്ചതായുള്ള വിധിപ്പകര്‍പ്പ് പുറത്തുവന്നത്.

പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത് കാലാവധി കഴിഞ്ഞ് .

കേസില്‍ ഒരു വര്‍ഷത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നിരിക്കെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷവും ഏഴു മാസത്തിനും ശേഷമാണു പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്തുകൊണ്ട് കാലതാമസം നേരിട്ടു എന്നതു സംബന്ധിച്ച കാരണവും അന്വേഷണസംഘം ബോധിപ്പിച്ചിട്ടില്ലെന്നും വിധിയില്‍ പറയുന്നു. പട്ടികജാതി- പട്ടികവര്‍ഗ പീഡന നിയമം ചുമത്തിയതിനാല്‍ എസ്‌എംഎസ് (സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ്) ഡിവൈഎസ്പിയാണു കേസ് അന്വേഷിക്കേണ്ടത്. എന്നാല്‍ ഇവിടെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണു കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഇതു പ്രതികളെ രക്ഷപ്പെടുത്താനുള്ള സര്‍ക്കാരിന്‍റെ ബോധപൂര്‍വമായ നീക്കമാണെന്നും ആരോപണമുയരുന്നുണ്ട്.

ബിജെപിയില്‍ ചേരാന്‍ പോകുന്നുവെന്ന് സുന്ദര മാധ്യമങ്ങള്‍ക്കു മുന്നില്‍ സ്വയം വെളിപ്പെടുത്തിയതാണ്.

സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചതിനു തെളിവില്ല. രണ്ടര ലക്ഷം രൂപ കൈപ്പറ്റിയതായും അത് മരുന്ന് വാങ്ങാനും വീട് പുനര്‍നിര്‍മാണത്തിനായും ഉപയോഗിച്ചുവെന്നും സുന്ദര സമ്മതിക്കുന്നു. ഭയപ്പെടുത്തി നല്‍കിയ പണമാണെങ്കില്‍ ഇങ്ങനെ ചെലവഴിക്കുമോ എന്ന സാമാന്യയുക്തി പോലും അന്വേഷണസംഘത്തിനുണ്ടായില്ല. ബിജെപിയില്‍ ചേരാന്‍ പോകുന്നുവെന്ന് സുന്ദര മാധ്യമങ്ങള്‍ക്കു മുന്നില്‍ സ്വയം വെളിപ്പെടുത്തിയതാണ്. ആ കാര്യം പരിശോധിച്ചിരുന്നെങ്കില്‍ പട്ടികജാതി- പട്ടികവര്‍ഗ പീഡന നിയമം ചേര്‍ക്കില്ലായിരുന്നുവെന്നും വിധിപ്പകര്‍പ്പില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *