മുന്‍ ഡി.വൈ. എസ്‌. പി,പി. സുകുമാരനെതിരെ വിമര്‍ശനവുമായി എം.വി ജയരാജന്‍

കണ്ണൂര്‍: ബിജെപിയില്‍ അംഗത്വം സ്വീകരിച്ച മുന്‍ ഡി.വൈ. എസ്‌. പി പി. സുകുമാരനെതിരെ വിമര്‍ശനവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. മൂന്നാംമുറയിലൂടെ കുപ്രസിദ്ധനായ റിട്ട.ഡിവൈഎസ്‌പി സുകുമാരന്‍ ഒടുവില്‍ ഏറ്റവും യോജിച്ച പാര്‍ട്ടിയില്‍ തന്നെയാണ്‌ എത്തിപ്പെട്ടതെന്ന്‌ ജയരാജന്‍ കുറ്റപ്പെടുത്തി.കഴിഞ്ഞ ദിവസം പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതിയംഗം കുമ്മനം രാജശേഖരനില്‍ നിന്നാണ്‌ പി.സുകുമാരന്‍ അംഗത്വം സ്വീകരിച്ചത്‌.സര്‍വീസ്‌ കാലയളവില്‍ വലിയതോതില്‍ ആക്ഷേപത്തിനിരയായ ഉദ്യോഗസ്‌ഥനെയാണ്‌ ബിജെപി ഇപ്പോള്‍ രാഷ്ട്രീയ അഭയം നല്‍കി സ്വീകരിച്ചത്‌. ഉത്തരേന്ത്യയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്വീകരിക്കുന്നത്‌ പോലെ കേരളത്തില്‍ പൊലീസിലെ ‘മൂന്നാംമുറക്കാരെ’ ഷാള്‍ അണിയിച്ച്‌ ബിജെപി വരവേല്‍ക്കുകയാണെന്നും എം.വി ജയരാജന്‍ പറഞ്ഞു.

സുകുമാരന്റെ ക്രിമിനല്‍ പശ്ചാത്തലം

‘അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അറസ്‌റ്റിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കുറ്റം സമ്മതിപ്പിക്കുന്നതിനായി ശരീരത്തിലടക്കം കമ്പികയറ്റുകയും നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്‌ത ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാരനാണ്‌ ബിജെപിയില്‍ ചേര്‍ന്ന സുകുമാരന്‍. കേസ്‌ തെളിയിക്കാനാവാതെ വരുമ്പോഴാണ്‌ ഇദ്ദേഹം ഇത്തരം ഹീനമായ മൂന്നാംമുറ കുറ്റാരോപിതരുടെ മേല്‍ പലപ്പോഴും പ്രയോഗിച്ചത്‌.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു

സര്‍വീസിലിരിക്കുന്ന കാലത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ വിശ്വസ്‌ത വിധേയനായിരുന്നു ഇദ്ദേഹം.രാഷ്ട്രീയ വിരോധമുള്ളവരെ വേട്ടയാടാനും കേസില്‍ കുടുക്കാനും തന്റെ ഔദ്യോഗിക പദവി ദുരുപയോഗിച്ച ഉദ്യോഗസ്‌ഥന്‍ കൂടിയാണിയാള്‍. നിരപരാധികളെ മൂന്നാംമുറക്കിരയാക്കിയാണ്‌ ഷുക്കൂര്‍ കേസില്‍ പി ജയരാജന്‍, ടി വി രാജേഷ്‌ ഉള്‍പ്പെടെയുള്ളവരെ കള്ളക്കേസില്‍ കുടുക്കിയത്‌. തലശേരി ഫസല്‍ കേസ്‌ വഴിതിരിച്ചുവിട്ടതും ഇതേ ഉദ്യോഗസ്‌ഥനാണ്‌. തലശേരിയിലെ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകന്‍ ഫസല്‍, എം. എസ്‌. എഫ്‌ പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ എന്നിവരുടെ കൊലക്കേസ്‌ അന്വേഷിച്ചതും സി.പി. എം നേതാക്കളെ ഉള്‍പ്പടെ പ്രതികളാക്കിയതും അന്നത്തെ സി. ഐയായിരുന്ന പി.സുകുമാരനാണെന്നായിരുന്നു പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ ആരോപണം.

സി.പി. എം നേതാക്കളായ പി.ജയരാജന്‍, ടി.വി രാജേഷ്‌ എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു.

തലശേരി ഫസല്‍വധക്കേസില്‍ നേരത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയാണ്‌ ആരോപണമുയര്‍ന്നിരുന്നതെങ്കിലും കേസില്‍ കൊടി സുനിയുള്‍പ്പെടെയുളള സി.പി. എം ക്വട്ടേഷന്‍ സംഘമാണെന്ന്‌ സുകുമാരന്റെ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ്‌ സി.പി. എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഗൂഡാലോചന കേസില്‍ പ്രതികളാവുന്നത്‌. ഇതിനു സമാനമായ അന്വേഷണം തന്നെയാണ്‌ സുകുമാരന്‍ എം. എസ്‌. എഫ്‌ പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസിലും നടത്തിയത്‌. സി.പി. എം നേതാക്കളായ പി.ജയരാജന്‍, ടി.വി രാജേഷ്‌ എന്നിവരെ പ്രതികളാക്കിയാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌.

സി.പി. എമ്മിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയ ഉദ്യോഗസ്ഥന്‍

ഷുക്കൂര്‍ വധിക്കപ്പെട്ട ദിവസം തളിപറമ്പ്‌ സഹകരണാശുപത്രിയില്‍ ചികിത്സ തേടിയ അന്നത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും കല്യാശേരി എം. എല്‍. എയായിരുന്നടി.വി രാജേഷും കേസിലെ രണ്ടു പ്രതികളുമായി ഗൂഡാലോചന നടത്തിയെന്നായിരുന്നു ആരോപണം. സി.പി. എമ്മിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയ രണ്ടു കേസുകളിലും അന്വേഷണ ഉദ്യോഗസ്‌ഥനായ പി.സുകുമാരനെതിരെ അതിശക്തമായ പ്രതിഷേധം പാര്‍ട്ടി ഉയര്‍ത്തിയിരുന്നു. പിന്നീട്‌ സി.പി. എം അധികാരത്തില്‍ വന്നപ്പോള്‍ ഡി.വൈ. എസ്‌.പിയായിരുന്ന അദ്ദേഹത്തെ തൊടുപുഴയിലേക്ക്‌ സ്‌ഥലം മാറ്റുകയും ചെയ്‌തു. അവിടുന്നാണ്‌ പി.സുകുമാരന്‍ സര്‍വീസില്‍ നിന്നും വിരമിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →