പാലക്കാട്: മുംബൈ പൊലീസെന്ന വ്യാജേന വെര്‍ച്വല്‍ അറസ്‌റ്റിലാണെന്ന് ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തിയ സംഘത്തിന്റെ അഞ്ച് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. ചെന്നൈയില്‍ താമസിച്ചുവരുന്ന ശ്രീകൃഷ്‌ണപുരം സ്വദേശിയായ 72 വയസ്സുകാരനില്‍ നിന്ന് 1.35 കോടി തട്ടിയ കേസിലാണ് സൈബര്‍ കൊള്ള സംഘത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വെര്‍ച്വല്‍ അറസ്‌റ്റിലാണെന്നും വിശ്വസിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.
തട്ടിപ്പിന് ഉപയോഗിച്ചിരിക്കുന്നത് അന്യസംസ്‌ഥാനങ്ങളിലെ ബാങ്കുകളിലെ വ്യാജ അക്കൗണ്ടുകള്‍
സെപ്‌തംബര്‍ 22ന് രാത്രി വൈകിയാണ് ശ്രീകൃഷ്‌ണപുരം സ്വദേശി പരാതിയുമായി പാലക്കാട് സൈബര്‍ പൊലീസിനെ സമീപിച്ചത്. പരാതി ലഭിച്ച ഉടന്‍ തന്നെ പണം തട്ടാന്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പൊലീസിനായി. കര്‍ണാടക, യു.പി, ഗുജറാത്ത്, രാജസ്‌ഥാന്‍ എന്നിവിടങ്ങളിലെ ബാങ്കുകളിലെ വ്യാജ അക്കൗണ്ടുകളാണ് തട്ടിപ്പിന് ഉപയോഗിച്ചിരിക്കുന്നത്. ഈ അക്കൗണ്ടുകളില്‍ നിന്ന് പണം മാറ്റിയ കൂടുതല്‍ അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനുള്ള നടപടികള്‍ സൈബര്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട് .
.സി.ബി.ഐയുടെ പേരില്‍ രജിസ്‌റ്റര്‍ ചെയ്‌ത വ്യാജ രേഖകള്‍ ഇരയ്‌ക്ക് അയച്ചു നല്‍കി
ഈ അക്കൗണ്ടുകളില്‍ നിന്നും പ്രതികള്‍ പണം പിന്‍വലിച്ചില്ലെങ്കില്‍ ഇരയ്‌ക്ക് തിരികെ ലഭിക്കുന്നതിനുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കും. തട്ടിപ്പിനായി പൊലീസ് സ്‌റ്റേഷന് സമാനമായ സജ്ജീകരണങ്ങള്‍ ഒരുക്കി വാട്‌സാപ്പ് വീഡിയോകോളില്‍ പ്രത്യക്ഷപ്പെട്ട് മുംബൈ പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്ന് ബോധ്യപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. സി.ബി.ഐയുടെ പേരില്‍ രജിസ്‌റ്റര്‍ ചെയ്‌ത വ്യാജ രേഖകളും ഇരയ്‌ക്ക് അയച്ചു നല്‍കിയാണ് ഭീഷണിപ്പെടുത്തിയത്.
പാലക്കാട് ജില്ലയില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ സൈബര്‍ തട്ടിപ്പ് കേസാണിത്. ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി കെ.സി.വിനുവിന്റെ മേല്‍നോട്ടത്തില്‍ പാലക്കാട് സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അനൂപ് മോന്‍ പി.ഡിയാണ് കേസ് അന്വേഷിക്കുന്നത്