ന്യൂഡല്‍ഹി: 2024 ജനുവരി 10: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മണിപ്പൂരില്‍ നിന്നും ആരംഭിക്കുവാന്‍ നിശ്ചയിച്ചിരുന്ന ഭാരത് ജോഡോ ന്യായ യാത്രയ്ക്ക് മണിപ്പൂര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. മണിപ്പൂരില്‍ ക്രമസമാധാന നില ഭദ്രമല്ലാത്ത സാഹചര്യത്തില്‍ യാത്രയ്ക്ക് അനുമതി നല്‍കാന്‍ കഴിയുകയില്ല എന്നാണ് മണിപ്പൂര്‍ സര്‍ക്കാര്‍ വിശദീകരിക്കുന്നത്. മണിപ്പൂര്‍ സര്‍ക്കാറിന്റെ അനുമതി വൈകിയതോടെ എവിടെ നിന്ന് യാത്ര ആരംഭിക്കണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ ആശയക്കുഴപ്പം തുടരുകയാണ്.
ജനുവരി 14 നാണ് ഭാരത് ജോഡോ ന്യായ യാത്ര ആരംഭിക്കുവാന്‍ നിശ്ചയിച്ചിട്ടുള്ളത്. ഇനി മൂന്നു ദിവസം കൂടിയാണ് അവശേഷിക്കുന്നത്. അതിനുള്ളില്‍ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയുമില്ല. മണിപ്പൂരിലെ ക്രമസമാധാന നിലയും സാഹചര്യവും പരിശോധിച്ച ശേഷം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും യാത്രയാക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക എന്നാണ് മണിപ്പൂര്‍ സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ജനുവരി പത്താം തീയതി രാവിലെ മണിപ്പൂരിലെ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ലേഘ ചന്ദ്രയുടെ നേതൃത്വത്തില്‍ ഉള്ള കോണ്‍ഗ്രസ്സ് സംഘം മണിപ്പൂര്‍ മുഖ്യമന്ത്രി എം. വീരേന്ദ് സിംഗിനെ സന്ദര്‍ശിച്ചിരുന്നു. അനുമതി നല്‍കുവാന്‍ കഴിയുകയില്ല എന്ന് മുഖ്യ മന്ത്രി വിശദീകരിച്ചതായിട്ടാണ് വിവരം. അതേസമയം ഭാരത് ജോഡോ ന്യായ യാത്ര തടയുവാനുള്ള ശ്രമം ബിജെപി ആരംഭിക്കുന്നതിന്റെ ഭാഗമാണ് മണിപ്പൂര്‍ സര്‍ക്കാറിന്റെ നിലപാടെന്ന് കോണ്‍ഗ്രസ്സ് ആരോപിക്കുന്നു.