തിരുവനന്തപുരം: പരമ്പരാഗത ഔഷധ മേഖലയുടെ വളര്‍ച്ചയ്ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണവും പങ്കാളിത്തവും ആവശ്യമാണെന്ന് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിലെ (ജിഎഎഫ്-2023) വിദേശ പ്രതിനിധികള്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ജിഎഎഫിലെ അന്താരാഷ്ട്ര സഹകരണ സമ്മേളനത്തിലാണ് ഇക്കാര്യം ചര്‍ച്ചചെയ്തത്.
ആയുര്‍വേദ മേഖലയിലെ ഗവേഷണ വികസന ആവശ്യങ്ങള്‍ക്കായി ഇന്ത്യയുമായി കൈകോര്‍ക്കാന്‍ ശ്രീലങ്ക തയാറാണെന്ന് സഹകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ശ്രീലങ്കന്‍ തദ്ദേശീയ ചികിത്സാ വകുപ്പ് സഹമന്ത്രിയുടെ സെക്രട്ടറിയും ആയുര്‍വേദ ഡ്രഗ് കോര്പ്പറേഷന് എംഡിയുമായ ഗയ കാഞ്ചന പറഞ്ഞു. ശ്രീലങ്കയിലെ തദ്ദേശീയ ഫാര്‍മ വിപണി പ്രയോജനപ്പെടുത്താന്‍ ഈ മേഖലയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെ ഗയ കാഞ്ചന ക്ഷണിച്ചു. മരുന്നു ഫാക്റ്ററികള്‍ക്കും ആയുര്‍വേദ ആശുപത്രികള്‍ക്കും സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഗയ കാഞ്ചന പറഞ്ഞു.
ആയുര്‍വേദ മേഖലയിലെ മഹത്തായ കണ്ടെത്തലുകള്‍ക്ക് നേതൃത്വം നല്കുന്ന ഇന്ത്യയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. ആധുനിക കാലത്ത് ആയുര്‍വേദത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ഗവേഷണം ആവശ്യമാണ്. ശ്രീലങ്കയിലെ തദ്ദേശീയ ചികിത്സാ സമ്പ്രദായവും കേരളത്തിലെ ആയുര്‍വേദ ചികിത്സാ സമ്പ്രദായവും വളരെ സാമ്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരമ്പരാഗത വൈദ്യശാസ്ത്രം വികസിപ്പിക്കുകയും മുഖ്യധാരയിലേക്ക് കൊണ്ടുവരികയുമാണ് ഈ മേഖലയില്‍ ആഫ്രിക്ക നേരിടുന്ന വെല്ലുവിളിയെന്ന് റിപ്പബ്ലിക് ഓഫ് സിംബാബ്വേയുടെ എംബസിയിലെ ഡെപ്യൂട്ടി അംബാസഡര്‍ പീറ്റര്‍ ഹോബ്വാനി പറഞ്ഞു. വൈദ്യശാസ്ത്രത്തിന്റെ ഭാവിയില്‍ പരമ്പരാഗത വൈദ്യത്തിന് നിര്‍ണായക പങ്കാണുള്ളത്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നേതൃത്വത്തെ സിംബാബ്വേ നേരത്തേ അംഗീകരിച്ചതാണെന്നും ഈ മേഖലയില്‍ ഇന്ത്യയുമായി ധാരണാപത്രവും ഒപ്പുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള പരമ്പരാഗത വൈദ്യശാസ്ത്ര മുന്നേറ്റത്തിന്റെ പതാകവാഹകര്‍ ഇന്ത്യയാണെന്ന് ജോര്‍ജിയ എംബസിയിലെ സിഡിഎ ലാഷ ജപാരിഡ്സെ പറഞ്ഞു. ആയുര്‍വേദത്തെക്കുറിച്ച് ബോധവല്‍ക്കരണ പ്രചാരണങ്ങള്‍ ജോര്‍ജിയയില്‍ നടക്കുന്നുണ്ട്. ഇന്ത്യയുടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിക്കുന്നുണ്ടെന്നും ഈ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം പരിഗണനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ ആശുപത്രികളില്‍ സേവനം ചെയ്യുന്നവര്‍ക്കു പുറമേ ഫിജിയിലെ വലിയൊരു വിഭാഗം ആളുകള്‍ ആയുര്‍വേദ ചികിത്സയ്ക്കായി ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ടെന്ന് ന്യൂഡല്‍ഹിയിലെ റിപ്പബ്ലിക് ഓഫ് ഫിജി ഹൈക്കമ്മിഷന് സെക്കന്‍ഡ് സെക്രട്ടറി ഏലിയ സെവൂതിയ പറഞ്ഞു. ജിഎഎഫ് വര്‍ക്കിങ് ചെയര്മാന് ഡോ. ജി.ജി. ഗംഗാധരന്, കോട്ടക്കല്‍ ആര്യവൈദ്യശാല മാനെജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

