മലപ്പുറം: ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ തുടങ്ങി വെച്ച പരാതികളും നിവേദനങ്ങളും ഓണ്‍ലൈൻ സംവിധാനത്തിലേക്ക് മാറ്റുന്ന മലപ്പുറം മാതൃക മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു.പദ്ധതിക്ക് തുടക്കമിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ജില്ലയില്‍ ഇതുവരെ നാലായിരത്തോളം അപേക്ഷകളാണ് പൊതുജനങ്ങളില്‍ നിന്നും പോര്‍ട്ടലിലൂടെ സ്വീകരിച്ചത്. കളക്‌ട്രേറ്റിലെ പി.ജി.ആര്‍ (പബ്ലിക് ഗ്രീവിയൻസ്) സെല്‍ വഴി ഓഫ് ലൈനായി നല്‍കിയിരുന്ന സേവനമാണ് കൂടുതല്‍ സുതാര്യമാക്കി ഓണ്‍ലൈനാക്കി മാറ്റിയത്. ഇതുവഴി ഗുണഭോക്താവിന് തന്റെ പരാതിയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വീട്ടിലിരുന്ന് തന്നെ അറിയാനാവും.
മലപ്പുറം ജില്ലയില്‍ തുടക്കമാവുകയും പിന്നീട് സംസ്ഥാനം മുഴുവനായും നടപ്പിലാക്കുകയും ചെയ്ത ഇ-ഡിസ്ട്രിക്‌ട് പോര്‍ട്ടല്‍ വഴിയാണ് പുതിയ സേവനവും നല്‍കി വരുന്നത്. നാഷണല്‍ ഇൻഫര്‍മാറ്റിക്‌സ് സെന്ററും, കേരള സ്റ്റേറ്റ് ഐ.ടി മിഷനുമാണ് ജില്ലാ ഭരണകൂടത്തിനായി ഇ-ഡിസ്ട്രിക്‌ട് പോര്‍ട്ടലില്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയത്. ഐ.ടി മിഷൻ മലപ്പുറം ജില്ലാ ഓഫീസാണ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം ഉള്‍പ്പടെ സാങ്കേതിക സഹായം നല്‍കുന്നത്. ഒരു വര്‍ഷം മുമ്ബാണ് ജില്ലാ കളക്ടറുടെ ഓണ്‍ലൈൻ പൊതുജന പരാതി പരിഹാര സംവിധാനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ജില്ലാ കളക്ടര്‍ക്ക് പരാതി കൊടുത്തിട്ട് എന്തായി എന്നറിയാൻ കളക്‌ട്രേറ്റില്‍ ഓഫീസുകള്‍ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ടതില്ലെന്നതാണ് ഇതിന്റ പ്രധാന ആകര്‍ഷണം.
കളക്‌ട്രേറ്റില്‍ പരാതി നല്‍കാനെത്തുന്നവര്‍ക്ക് പബ്ലിക് ഗ്രീവിയൻസ് സെല്ലില്‍ നിന്നും ലഭിക്കുന്ന ടോക്കണിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറെ കണ്ട് പരാതി ബോധിപ്പിക്കാം. തുടര്‍ന്ന് ബന്ധപ്പെട്ട പരാതി ഏത് വകുപ്പിലേക്കാണോ കൈമാറേണ്ടത് എന്നതുള്‍പ്പടെയുള്ള കളക്ടറുടെ നിര്‍ദേശവും രേഖപ്പെടുത്തി പബ്ലിക് ഗ്രീവിയൻസ് സെല്ലിന് കൈമാറും. ഇവിടെ നിന്നും പരാതി സ്‌കാൻ ചെയ്ത് പോര്‍ട്ടിലേക്ക് ചേര്‍ക്കുകയും തുടര്‍ അന്വേഷണങ്ങള്‍ക്കായി ഒരു അപ്ലിക്കേഷൻ നമ്ബര്‍ ഗുണഭോക്താവിന് നല്‍കുകയും ചെയ്യും. ഈ അപ്ലിക്കേഷൻ നമ്ബര്‍ ഉപയോഗിച്ച് പരാതിയില്‍ സ്വീകരിച്ച നടപടികള്‍ ഗുണഭോക്താവിന് എവിടെയിരുന്നും മനസ്സിലാക്കാനുമാവും.

