ആശ്വാസമായി ചക്രവാതച്ചുഴികൾ, കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരും, ഇന്ന് ഒമ്പത് ജില്ലകളിൽ മഞ്ഞ അലെർട്ട്

കടുത്ത വരൾച്ചാ ഭീഷണി നിലനിൽക്കെ, കാലവർഷത്തിന്റെ അവസാന നാളുകളിൽ സംസ്ഥാനത്ത് മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൊഴികെ മറ്റ് ജില്ലകളിലെല്ലാം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കർണാടക തീരപ്രദേശത്തിന് മുകളിൽ ചക്രവാതച്ചുഴിയും തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതാണ് മഴക്ക് കാരണം.
വടക്കൻ മധ്യപ്രദേശിന്‌ മുകളിലും മ്യാന്മാറിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായും ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മഴ തുടരും. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ഒന്നാം തീയ്യതി വരെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →