കൊച്ചി: അന്തരിച്ച കെജി ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് നടൻ മമ്മൂട്ടി. മലയാള സിനിമയിൽ പുതിയ വഴി വെട്ടി തെളിച്ച വ്യക്തിയാണ് കെ.ജി.ജോർജ്. ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരാൾ കൂടി പോയിയെന്ന് മമ്മൂട്ടി പറഞ്ഞു. 2023 സെപ്തംബർ 24 ന് രാവിലെയാണ് മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസ ചലച്ചിത്രകാരനായ കെ ജി ജോർജ് അന്തരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. കൊച്ചിയിൽ വയോജന കേന്ദ്രത്തിലായിരുന്നു കെ ജി ജോർജ് കുറച്ച് കാലമായി താമസിച്ചുവരുന്നത്.
എന്നെ സംബന്ധിച്ച് ഗുരുതുല്യനായ ഒരാളാണ്. ആ വഴിയിൽ കൂടി എനിക്കും വരാൻ പറ്റിയെന്നത് വലിയ കാര്യമാണ്. സിനിമയിൽ അദ്ദേഹം സജീവമല്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സിനിമകൾ ഇപ്പോഴും സജീവമാണ്. ഓരോ സിനിമയും വേറിട്ട് നിൽക്കുന്നതാണ്. സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്ത സിനിമകളായിരുന്നു കെജി ജോർജിന്റേതെന്നും മമ്മൂട്ടി പറഞ്ഞു.
നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. സ്വപ്‌നാടനത്തിലൂടെ കെ ജി ജോർജ് സംവിധായകനായി അരങ്ങേറി. സ്വപ്‌നാടനം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. മലയാളത്തിന്റെ ക്ലാസിക്കായ യവനികയ്ക്ക് സംസ്ഥാന അവാർഡും ലഭിച്ചു. നാൽപത് വർഷത്തിനിടെ 19 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ ഒരു സ്ത്രീപക്ഷ സിനിമ ആദ്യമായി ഒരുക്കിയത് കെ ജി ജോർജാണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആദാമിന്റെ വാരിയെല്ല് പുതു തലമുറ സംവിധായകരെയും വിസ്മയിപ്പിക്കുന്ന ആഖ്യാനത്തിലായിരുന്നു കെ ജി ജോർജ് ഒരുക്കിയത്. മിസ്റ്ററി ത്രില്ലറിലെ മലയാളത്തിന്റെ പാഠപുസ്തമായ സിനിമയായി കണക്കാക്കുന്ന യവനികയിലൂടെയാകും കെ ജി ജോർജ് പുതിയ കാലത്തെ പ്രേക്ഷകനോട് കൂടുതൽ അടുക്കുന്നത്. അക്കൊല്ലത്തെ മലയാളത്തിലെ മികച്ച തിരക്കഥാകൃത്ത്, ചിത്രം, മികച്ച രണ്ടാമത്തെ നടൻ തുടങ്ങിയ സംസ്ഥാന അവാർഡുകൾക്ക് പുറമേ ഫിലിം ക്രിട്ടിക്‌സിന്റേതടക്കം ഒട്ടനവധി പുരസ്‌കാരങ്ങളും യവനികയെ തേടിയെത്തി.
സിനിമയിൽ ആക്ഷേപഹാസ്യത്തിന്റെ മറുപേരായിരുന്നു ജോർജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം. മണ്ണ്, ഉൾക്കടൽ, മേള, കോലങ്ങൾ, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ഇരകൾ എന്നിങ്ങനെ ഒന്നിനൊന്ന് വേറിട്ട സിനിമകളാണ് അദ്ദേഹം ചെയ്തത്. ഇലവങ്കോട് ദേശം എന്ന ചിത്രമാണ് അവസാനമായി ചെയ്തത്. ഗായികയും പപ്പുക്കുട്ടി ഭാഗവതരുടെ മകളുമായ സൽമ ഭാര്യയും അരുൺ, താര എന്നിവർ മക്കളുമാണ്.

