-രോഹിതിനും വിരാടിനും ഹാര്‍ദിക്കിനും ആദ്യ കളികളില്‍ വിശ്രമം
മുംബൈ: ഏകദിന ലോകകപ്പിനു മുന്നോടിയായി ആസ്‌ട്രേലിയക്കെതിരേ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ.എല്‍. രാഹുല്‍ നയിക്കും. സെപ്റ്റംബര്‍ 22നാണ് ആദ്യ ഏകദിനം. ലോകകപ്പ് മുന്നില്‍കണ്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും സൂപ്പര്‍ബാറ്റര്‍ വിരാട് കോഹ്്‌ലിക്കും വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കും വിശ്രമം അനുവദിച്ചതിനെത്തുടര്‍ന്നാണ് രാഹുലിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ രോഹിത്തും വിരാടും പാണ്ട്യയും ടീമില്‍ തിരിച്ചെത്തും.
ഓഫ്‌സ്പിന്നര്‍ ആര്‍. അശ്വിന്‍ ടീമിലേക്കു മടങ്ങിയെത്തിയതാണു പ്രധാനമാറ്റം. അശ്വിന്‍ മൂന്ന് ഏകദിനത്തിലും ടീമിലുണ്ടാകും. ഏഷ്യാകപ്പ് കിരീടം നേടിയ ടീമില്‍ ഉള്‍പ്പെടെ ദീര്‍ഘകാലമായി ടെസ്റ്റ് ക്രിക്കറ്റിലെ ലോക ഒന്നാംനമ്പര്‍ ബൗളറായ അശ്വിന് സ്ഥാനം ലഭിച്ചിരുന്നില്ല. ഓസീസിനെതിരേ ടീമിലെത്തിയതോടെ ലോകകപ്പ് ടീമിലേക്കും വിളിയെത്തുമെന്ന പ്രതീക്ഷയിലാണ് അശ്വിന്‍. നിലവില്‍ ഓഫ് സ്പിന്നറായി ടീമില്‍ ആരുമില്ലെന്നതു തന്നെ കാരണം. റിതുരാജ് ഗെയ്ക്‌വാദ്, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, വാഷിംഗ്ടന്‍ സുന്ദര്‍ എന്നിവരും ടീമിലുണ്ട്. റിതുരാജും പ്രസിദ്ധും മൂന്നാം ഏകദിനത്തില്‍ ടീമിലുണ്ടാകില്ല.
പരുക്കേറ്റ അക്ഷര്‍ പട്ടേലിനെ മൂന്നാം ഏകദിനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ ക്രിക്കറ്റ് ആസ്‌ട്രേലിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ഗ്ലെന്‍ മാക്‌സ്‌വെല്ലും തിരിച്ചെത്തിയതാണ് ഓസിസ് ക്യാമ്പില്‍നിന്നുള്ള പ്രധാന വാര്‍ത്ത.