വാഷിങ്ടണ്‍: അനധികൃതമായി തോക്ക് കൈവശം വച്ചതിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ കേസ്. യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്. 2018ല്‍ മയക്കുമരുന്നിന് അടിമപ്പെട്ടിരുന്ന സമയത്ത് തോക്ക് വാങ്ങിയെന്നാണ് ഹണ്ടറിനെതിരായ കേസ്.
യു.എസ് നിയമപ്രകാരം മയക്കുമരുന്നിന് അടിമപ്പെട്ടയാള്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അധികാരമില്ല. നികുതിവെട്ടിപ്പിനും മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്ക് വേണ്ടി ഇടപ്പെട്ടതിനും ഹണ്ടറിനെതിരെ മറ്റ് രണ്ട് കേസുകള്‍ കൂടിയുണ്ട്. 2024ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ജോ ബൈഡനെ സംബന്ധിച്ച് തിരിച്ചടിയാണ് മകനെതിരായ കേസ്.
തോക്ക് ലൈസന്‍സിനായുള്ള അപേക്ഷയില്‍ സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ചു, തോക്ക് ലഭിക്കുന്നതിനായി ഫെഡറല്‍ സര്‍ക്കാറുമായി ഒപ്പിട്ട കരാറില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി, അനധികൃതമായി ആയുധം കൈവശം വെച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഹണ്ടറിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ കുറ്റങ്ങള്‍ക്ക് പരമാവധി 25 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. 750,000 ഡോളര്‍ വരെ പിഴശിക്ഷയും ലഭിക്കാം.