പാർലമെന്റിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലിനാണ് 2023 ഓഗസ്റ്റ് 9 ന് സഭ സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രിയെ കടന്നാക്രമിച്ച രാഹുൽ ഗാന്ധി, മണിപ്പൂരിൽ ഭാരതമാതാവിനെ കൊലപ്പെടുത്തുന്നുവെന്ന് വിമർശിച്ചു. അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം നാൾ ചർച്ച തുടങ്ങി വച്ച രാഹുൽഗാന്ധി, അദാനിയെ കുറിച്ച് പരാമർശിക്കില്ലെന്ന് പറഞ്ഞ് ഭരണപക്ഷത്തെ പരിഹസിച്ചു കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്.
ഭാരത് ജോഡോ യാത്രയെക്കുറിച്ചും മണിക്കൂർ സന്ദർശനത്തെക്കുറിച്ചും രാഹുൽ വൈകാരികമായി സംസാരിച്ചു.മണിപൂരിൽ ബിജെപി കൊലപെടുത്തുന്നത് രാജ്യത്തെ തന്നെയെന്നു രാഹുൽ വിമർശിച്ചതോടെ കേന്ദ്ര മന്ത്രി കിരൺ റിജിജു വിന്റെ നേതൃത്വത്തിൽ ഭരണപക്ഷം പ്രതിഷേധവുമായി എത്തി. ഇതോടെ രാഹുൽ ആളികത്തി.
അതേസമയം പാർലമെന്റിൽ മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശങ്ങളാണ് നീക്കം ചെയ്യുക. രാഹുലിന്റെ വിഡിയോയും സഭാ രേഖകളിൽ നിന്ന് നീക്കാൻ ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിട്ടു.
. ഭാരതമാതാവ് മരിച്ചുവെന്ന് കേട്ടപ്പോൾ കയ്യടിച്ച കോൺഗ്രസ് രാജ്യദ്രോഹികൾ എന്നായിരുന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വിമർശനം.
13 തവണ ശ്രമിച്ചിട്ടും പരാജയപ്പെട്ട നേതാവാണ് രാഹുൽ എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. രാജ്യത്തെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസമെന്നും മണിപ്പൂർ സംഘർഷത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നുവെന്നും അമിത് ഷാ ആരോപിച്ചു. പ്രധാനമന്ത്രി മോദിയെ രാവണനോട് ഉപമിച്ചാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്. ഏറ്റവും അവസാനം സംസാരിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ തന്റെ പ്രസംഗത്തിന്റെ ആദ്യ 70 മിനിറ്റ് മണിപ്പൂർ എന്ന വാക്കുപോലും പരാമർശിച്ചില്ല.
മണിപ്പൂർ സംഘർഷങ്ങളുടെ ചരിത്രം വിവരിച്ച ആഭ്യന്തര മന്ത്രി കോൺഗ്രസ് ഭരണകാലത്ത് 1700 പേർ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് കണക്ക് നിരത്തി. അതേസമയം സംഘർഷത്തിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചു.

