പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്ന പശ്ചാത്തലത്തിൽ വിഷയത്തിൽ 2023 ഓഗസ്റ്റ് 10 ന് വാർത്താ സമ്മേളനം വിളിയ്ക്കാനൊരുങ്ങി എൽഡിഎഫ്. മന്ത്രി വിഎൻ വാസവൻ അടക്കമുള്ള എൽഡിഎഫ് നേതാക്കൾ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പരക്കുന്ന പശ്ചാതലത്തിലാണ് വാർത്താസമ്മേളനം. കോട്ടയം പ്രസ് ക്ലബ്ബിൽ വച്ചാണ് വാർത്താ സമ്മേളനം നടക്കുക.
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കോൺഗ്രസ് നേതാവിനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാൻ എൽഡിഎഫ് നീക്കം നടത്തുന്നുവെന്ന വാർത്ത മന്ത്രി വി എൻ വാസവൻ നിഷേധിച്ചിരുന്നു. പുതുപ്പള്ളിയിൽ സിപിഐഎം സ്ഥാനാർത്ഥി തന്നെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. കോൺഗ്രസ് നേതാവിനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കുമെന്നത് അഭ്യൂഹം മാത്രമാണ്. ഒരു കോൺഗ്രസ് നേതാക്കളുമായും ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

