തിരുവനന്തപുരം : ഓണം പ്രമാണിച്ച് ഓഗസ്റ്റ് മാസത്തെ റേഷനോടൊപ്പം സർക്കാർ അനുവദിച്ചിട്ടുള്ള അഞ്ച് കിലോ സ്‌പെഷ്യൽ അരിയുടെ വിതരണം 2023 ആഗസ്റ്റ് 11-ാം തീയതി മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ.അനിൽ. വെള്ള, നീല കാർഡുടമകൾക്ക് 5 കിലോ വീതം സ്‌പെഷ്യൽ പുഴുക്കലരി 10.90 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
ഇതിനിടെ കേരളത്തിൽ വിലക്കയറ്റമെന്ന ആരോപണം പൂർണമായി നിഷേധിക്കുന്നതായി മന്ത്രി വ്യക്തമാക്കി. കേരളത്തിൽ താരതമ്യേനെ വിലക്കയറ്റം കുറവാണെന്ന് മന്ത്രി ജി ആർ അനിൽ സഭയിൽ പറഞ്ഞിരുന്നു. ഓണക്കാലത്ത് എല്ലാ സാധനങ്ങളും മൂന്നിരട്ടി വിപണിയിലെത്തും. തക്കാളിക്ക് ഡൽഹിയിൽ 300 രൂപയാണ് വില. കേരളത്തിൽ ഇതിന്റെ പകുതി മാത്രമാണ് വിലയെന്ന് മന്ത്രി പറഞ്ഞു.
അതേസമയം സപ്ലൈക്കോയിൽ ആവശ്യത്തിന് സാധനങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. സപ്ലൈകോയിൽ പോയി പരിശോധിക്കാമെന്ന് വെല്ലുവിളിച്ചാണ് മന്ത്രി ജി ആർ അനിൽ അതിന് മറുപടി നൽകിയത്

