രണ്ടുതവണയായി ഏറ്റവുമധികം കാലം നിയസഭാ സ്പീക്കര്‍ സ്ഥാനം വഹിച്ച റെക്കോര്‍ഡ് വക്കം പുരുഷോത്തമന്റെ പേരിലാണ്. ഏറ്റെടുത്ത കര്‍മങ്ങളെല്ലാം ധീരമായി നിര്‍വഹിച്ചു എന്നതായിരുന്നു ആ രാഷ്ട്രീയ നേതാവിന്റെ സവിശേഷത.മുഖ്യമന്ത്രിയാകാതെ ക്ലിഫ് ഹൗസില്‍ താമസിച്ച ആദ്യത്തെയാള്‍ എന്ന ഒരു വിശേഷണം അദ്ദേഹത്തിനുണ്ട്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍വച്ചു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണുപരുക്കേറ്റ് ചികില്‍സയിലായിരുന്നപ്പോള്‍ വക്കത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ചുമതല. അങ്ങനെയാണ് അദ്ദേഹം ക്ലിഫ് ഹൗസില്‍ എത്തിയത്.സജീവരാഷ്ട്രീയത്തില്‍ വിരമിച്ച ശേഷം തിരുവനന്തപുരം കുമാരപുരത്തെ വീടായിരുന്നു വക്കം പുരുഷോത്തമന്റെ ലോകം. രാഷ്ട്രീയ ഉപദേശങ്ങള്‍ തേടി പലരും അദ്ദേഹത്തെ സന്ദര്‍ശിച്ചു. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിച്ചുകൊണ്ട് ഭാര്യ ലില്ലിയും കൂടെയുണ്ടാവും. 95 ാം വയസ്സില്‍ വിശ്രമ ജീവിതം നയിക്കുമ്പോഴും അദ്ദേഹം എല്ലാ ദൈനംദിന രാഷ്ട്രീയ ചലനങ്ങളെക്കുറിച്ചും ശ്രദ്ധാലുവായിരുന്നു.യൂനിവേഴ്സിറ്റി കോളജിലെ ബിരുദപഠനകാലത്തു ലേഖനങ്ങള്‍ എഴുതിയപ്പോഴാണ് പേരിനൊരു ചന്തം കൂട്ടാന്‍ വക്കം എന്ന ജന്മനാടിന്റെ നാമം സ്വന്തം പേരിന് മുന്നില്‍ ചേര്‍ത്തത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തുവന്ന അദ്ദേഹം ആദ്യം വക്കം പഞ്ചായത്തംഗമായി. പിന്നീട് അലിഗഡ് സര്‍വകലാശായില്‍ നിയമത്തില്‍ ഉപരിപഠത്തിന് പോയി തിരികെ വന്ന് അഭിഭാഷകനായി. മൂന്നു തവണ സംസ്ഥാന മന്ത്രിസഭയിലും രണ്ടുതവണ ലോക്സഭയിലും രണ്ടുതവണ ഗവര്‍ണര്‍പദവിയിലും ഇരുന്നു. അഞ്ചുതവണ നിയമസഭാംഗമായിരുന്നു.1994ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ലഫ്റ്റ്നന്റ് ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത അദ്ദേഹം ലക്ഷദ്വീപിലെ ജീവിതം സുഗമമാക്കുന്നതിനുള്ള നിരവധി അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നു.



