വ്യാജ രേഖ ചമച്ച കേസിൽ അറസ്റ്റിലായ കെ.വിദ്യ ഒളിവിൽ കഴിഞ്ഞത് സിപിഐഎം നേതാവിന്റെ വീട്ടിലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ. നേതാവിന്റെ പേര് താൻ വെളിപ്പെടുത്തുന്നില്ല. സിപിഐഎം ജില്ലാ കമ്മിറ്റിയും പൊലീസും വിദ്യക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയെന്നും പ്രവീൺ കുമാർ ആരോപിച്ചു. മേപ്പയൂരിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ 2023 ജൂൺ 22ന് പ്രതിഷേധ പ്രകടനം നടത്തും.
തനിക്കെതിരെ നടന്നത് കോൺഗ്രസുകാരുടെ രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് കെ വിദ്യയുടെ ആരോപണം. കോൺഗ്രസ് സംഘടനകളിൽ ഉൾപ്പെട്ടവരാണ് തന്നെ കുടുക്കിയതെന്ന് വിദ്യ അന്വേഷണ സംഘത്തിന് മൊഴി നൽകി. ജോലിക്കായി വ്യാജരേഖ നൽകിയിട്ടില്ലെന്നും വിദ്യ ചോദ്യം ചെയ്യലിൽ ആവർത്തിച്ചു.
അട്ടപ്പാടി കോളജ് പ്രിൻസിപ്പലിനെതിരെയും വിദ്യ ആരോപണമുന്നയിച്ചു. ഗൂഡാലോചനയ്ക്ക് പ്രിൻസിപ്പലിനും പങ്കുണ്ടെന്നാണ് ആരോപണം. അട്ടപ്പാടി കോളജിൽ വിദ്യ നൽകിയ ബയോഡാറ്റയിലെ കയ്യക്ഷരവും വിദ്യയുടെ യഥാർത്ഥ കയ്യക്ഷരവും തമ്മിൽ ഒത്തുനോക്കിയും അന്വേഷണസംഘം പരിശോധിക്കും. കയ്യക്ഷരം കോടതിയിൽ തെളിവായി പൊലീസ് സമർപ്പിക്കും.
2023 ജൂൺ 21ന് രാത്രിയാണ് കോഴിക്കോട് മേപ്പയൂരിലെ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് വിദ്യയെ അഗളി പൊലീസ് പിടികൂടിയത്. വിദ്യയുടെ സുഹൃത്തിന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. അടുത്ത സുഹത്തിനെ ചോദ്യം ചെയ്തതിലൂടെ വിദ്യയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു. വിവരങ്ങൾ ചോരാതിരിക്കാൻ സുഹൃത്തിന്റെ ഫോണും പൊലീസ് വാങ്ങിവച്ചു. കേസിൽ ജൂൺ 22ന് രാവിലെയാണ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് ശേഷം ഉച്ചയ്ക്ക് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും

