ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന്‍റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. 21 മുതൽ 24 വരെ അമെരിക്കയുടെ ഔദ്യോഗിക അതിഥിയായാണ് അദ്ദേഹം അവിടെയുണ്ടാവുക. ന്യൂയോർക്കിലെത്തുന്ന മോദിയെ ആൻഡ്രൂസ് വ്യോമ താവളത്തിൽ ഇന്ത്യൻ അമേരിക്കൻ വംശജരുടെ സംഘം സ്വീകരിക്കും.
യുഎൻ ആസ്ഥാനത്തു നടക്കുന്ന രാജ്യാന്തര യോഗാ ദിനാചരണം നയിക്കുന്നത് മോദിയാണ്. യുഎൻ പ്രതിനിധികളും രാജ്യാന്തര പ്രശസ്തയായ ഗായിക മേരി മിൽബെനും ഒട്ടേറെ കുട്ടികളുമടക്കമുള്ളവർ അതിൽ സംബന്ധിക്കും. അന്നു വൈകുന്നേരം അദ്ദേഹം വാഷിങ്ടൻ ഡിസിയിലേക്ക് പോകും.
22ന് മോദിക്ക് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും വൈറ്റ് ഹൗസിൽ ഔദ്യോഗിക അത്താഴവിരുന്ന് നൽകും. അന്നു തന്നെ യുഎസ് കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. 2016ൽ ഒബാമ ഭരണകൂടത്തിന്‍റെ സമയത്തും മോദി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തിരുന്നു.
23ന് വാഷിങ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ ബിൽഡിങ് ആൻഡ് ഇന്റർനാഷനൽ ട്രേഡ് സെന്‍ററിൽ ക്ഷണിക്കപ്പെട്ട ഇന്ത്യൻ പ്രതിനിധികളുടെ യോഗത്തെ മോദി അഭിസംബോധന ചെയ്യും. പ്രാദേശിക സമയം രാത്രി 7 മുതൽ 9 വരെയാണ് പരിപാടി. 1,000ത്തോളം പേര്‍ക്കാണ് ക്ഷണം. യുഎസ് ഇന്ത്യൻ കമ്യൂണിറ്റി ഫൗണ്ടേഷൻ നടത്തുന്ന ഈ പരിപാടിയിലും ഗായിക മേരി മിൽബെന്‍റെ പ്രകടനമുണ്ടാകും.
23ന് ഉച്ചഭക്ഷണത്തിന് വൈസ് പ്രസിഡന്‍റ് കമല ഹാരിസാണ് ആഥിതേയത്വം വഹിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും പങ്കെടുക്കും. 2014ൽ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ 6 തവണ മോദി യുഎസ് സന്ദർശിച്ചിട്ടുണ്ട്. പ്രസിഡന്‍റുമാരായ ബറാക് ഒബാമ, ഡോണൾഡ് ട്രംപ്, ജോ ബൈഡൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
യുഎസിൽ നിന്നു യാത്ര തിരിക്കുന്ന മോദി ഈജിപ്തിലെത്തി പ്രസിഡന്‍റ് അബ്ദെൽ ഫത്തേ എൽ– സിസിയുമായി കൂടിക്കാഴ്ച നടത്തും. മോദിയുടെ ആദ്യ ഈജിപ്ത് സന്ദർശനമാണിത്. അബ്ദെൽ ഫത്തേ ഇന്ത്യയുടെ റിപ്പബ്ലിക് ദിന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തിരുന്നു.

