മാധ്യമപ്രവർത്തകർക്കെതിരായ പൊലീസ് നടപടി: മാധ്യമ വിരുദ്ധമെന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ സിപിഐഎം

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരെയുള്ള പൊലീസ് നടപടിയിലെ വിമർശനങ്ങളെ പ്രതിരോധിക്കാൻ സിപിഐഎം. പാർട്ടിക്കും സർക്കാരിനും മാധ്യമവിരുദ്ധ നിലപാടാണെന്ന പ്രചാരണത്തെ നേരിടാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. സമൂഹ മാധ്യമങ്ങളിലൂടെ ഇതിനായി പ്രചാരണം നടത്തും. താഴെ തട്ടിൽ സമൂഹ മാധ്യമ ഇടപെടൽ ശക്തമാക്കാനും രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞു പോകാനും 2023 ജൂൺ 16 ന് ചേർന്ന യോഗത്തിൽ ധാരണയായി.

അതേസമയം മാധ്യമപ്രവർത്തകർക്കെതിരായ കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സംസ്ഥാനത്ത് നടക്കുന്നത് മാധ്യമ വേട്ടയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. തുടർച്ചയായി പൊലീസിനെ ഉപയോഗിച്ച് മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി വശത്താക്കാനാണ് സർക്കാർ ശ്രമമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ദേശീയ തലത്തിൽ സംഘപരിവാർ നടത്തുന്ന രീതിയാണ് എൽഡിഎഫ് സംസ്ഥാനത്ത് പിന്തുടരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

മാധ്യമപ്രവർത്തകർക്കെതിരായ നടപടിക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാരിന് ഹിതകരമല്ലാത്ത വാർത്തകൾ മറച്ചുവെക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത മാധ്യമ വേട്ടയാണ് ഇപ്പോൾ നടക്കുന്നതെന്നും രമേശ് ചെന്നിത്തല രമേശ് ആരോപിച്ചു. കേരളത്തിലെ മാധ്യമസ്വാതന്ത്ര്യത്തെ പിണറായി വിജയൻ സംപൂജ്യമാക്കിയെന്ന് സുധാകരൻ വിമർശിച്ചു.

അതേസമയം മാധ്യമ പ്രവർത്തകർ കേസിൽ പ്രതികളാകുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാകില്ലെന്ന് സിപിഐഎം നേതാവ് എംവി ജയരാജൻ പ്രതികരിച്ചു. മാധ്യമ സ്വാതന്ത്ര്യമെന്നാൽ കമ്മ്യൂണിസ്റ്റ് വേട്ട നടത്തുമ്പോൾ ശരിയും അല്ലാത്തപ്പോൾ തെറ്റുമാകുന്ന നിലയാണെന്ന് സിപിഐഎം നേതാവ് എംവി ജയരാജൻ പറഞ്ഞു. തന്നെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചപ്പോൾ 11 മാധ്യമപ്രവർത്തകർ മൊഴി നൽകിയെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →