കാസർഗോഡ്: കുമ്പളയിൽ പ്രവാസിയുടെ വീട്ടിൽ കവർച്ച. സ്വർണാഭരണങ്ങളും പണവും കവർന്ന കള്ളന്മാർ മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറും മോഷ്ടിച്ചതായാണ് പരാതി. കുമ്പള ഉജാർ കൊടിയമ്മയിലെ അബൂബക്കറിന്റെ വീട്ടിൽ 2023 ജൂൺ 13 ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണവും കാൽലക്ഷം രൂപയും കവർന്നു. ശേഷം വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറും കള്ളന്മാർ കൊണ്ടുപോവുകയായിരുന്നു.
അബൂബക്കറിന്റെ ഭാര്യയും മക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെ എഴുന്നേറ്റപ്പോൾ മാത്രമാണ് ഇവർ മോഷണ വിവരം അറിയുന്നത്. വീടിന്റെ വാതിലോ മറ്റോ തകർത്തതായി കണ്ടെത്തിയിട്ടില്ല. മോഷ്ടാക്കൾ നേരത്തെ തന്നെ വീട്ടിനകത്ത് കയറി ഒളിച്ചിരുന്ന് കൃത്യം നടത്തിയതായാണ് സംശയിക്കുന്നത്. കുമ്പള പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവികൾ ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.